ചീഫ് ഇലക്ടറൽ ഓഫീസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കിയത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത തകർക്കുന്നത്; രത്തൻ ഖേൽക്കറുടെ നിയമനത്തിനെതിരെ സിപിഎം

ചീഫ് ഇലക്ടറൽ ഓഫീസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കിയത്  നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത തകർക്കുന്നത്; രത്തൻ ഖേൽക്കറുടെ നിയമനത്തിനെതിരെ സിപിഎം

സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറായ രത്തൻ ഖേൽക്കറെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ച നടപടി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ യുഡിഎഫിന് വേണ്ടി കമ്മീഷൻ പക്ഷപാതപരമായി പ്രവർത്തിച്ചുവെന്ന എൽഡിഎഫ് ആരോപണങ്ങളെ ശരിവെക്കുന്നതാണ് ഈ ‘ഉപകാരസ്മരണ’ നിയമനം. ബംഗാളിൽ സമാന നിയമനം നടന്നപ്പോൾ അതിനെ ഒത്തുകളിയെന്ന് വിമർശിച്ച രാഹുൽ ഗാന്ധിയും എഐസിസിയും കേരളത്തിലെ കോൺഗ്രസ്-ബിജെപി-തെരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടുകെട്ടിനെക്കുറിച്ച് നിലപാട് വ്യക്തമാക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.

എസ്.ഐ.ആറിന്റെ പേരിൽ ലക്ഷക്കണക്കിന് യഥാർത്ഥ വോട്ടർമാരെ ഒഴിവാക്കിയും, വോട്ട് ചേർക്കൽ അപ്രതീക്ഷിതമായി അവസാനിപ്പിച്ചും യുഡിഎഫിന് അനുകൂലമായി കമ്മീഷൻ വോട്ടർപട്ടിക അട്ടിമറിച്ചെന്ന് പ്രസ്താവനയിൽ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ പ്രത്യക്ഷപ്പെട്ടതും, പാലക്കാട് ഉൾപ്പെടെ എൽഡിഎഫ് സ്ഥാനാർത്ഥികളുടെ ചിഹ്നങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കിയതും, ഉദ്യോഗസ്ഥർക്ക് വോട്ടവകാശം നിഷേധിച്ചതും ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. പോളിംഗ് ശതമാനം പുറത്തുവിടാൻ വൈകിയതും സ്ട്രോങ്ങ് റൂമുകൾ തുറന്നെന്ന ആക്ഷേപവും ഈ നിയമനത്തോടെ വലിയ സംശയങ്ങൾക്ക് വഴിമാറുകയാണ്.

ബംഗാളിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ ഉദ്യോഗസ്ഥർക്ക് ഉയർന്ന പദവികൾ നൽകിയതിനെതിരെ ദേശീയതലത്തിൽ ‘കൂൾ ഓഫ് ടൈം’ ആവശ്യപ്പെട്ട കോൺഗ്രസ് ഇപ്പോൾ ഇരട്ടത്താപ്പാണ് കാണിക്കുന്നത്. കേന്ദ്രത്തിൽ ബിജെപി ചെയ്യുന്നതുപോലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയെ അട്ടിമറിക്കാനാണ് കേരളത്തിലെ യുഡിഎഫ് സർക്കാരും ശ്രമിക്കുന്നത്. രാഷ്ട്രീയ നേതൃത്വങ്ങളുടെ ഇംഗിതത്തിന് വഴങ്ങുന്ന സംവിധാനമായി കമ്മീഷനെ മാറ്റുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇത്തരം ഇടപെടലുകൾക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി സിപിഎം അറിയിച്ചു.

Share Email
LATEST excelnclexrn
Top