തിരുവനന്തപുരം: ഒരുപതിറ്റാണ്ടിനു ശേഷം അധികാരം തിരിച്ചുപിടിച്ചതിന്റെ ആവേശത്തിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നേരിട്ടുകാണാനായി പ്രവര്‍ത്തകര്‍ ഒന്നടങ്കം സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന സെന്‍ട്രല്‍ സ്്‌റ്റേഡിയത്തിലേക്ക് ഒഴുകി എത്തുകയാണ്.ഇന്ന് യുഡിഎഫിന്റെ ദിനമെന്നാണ് പ്രവര്‍ത്തകര്‍ ഒന്നടങ്കം പറയുന്നത്.
സത്യപ്രതിജ്ഞ കാണാന്‍ വിവിഐപികളുടെ നീണ്ട നിരയുണ്ടാകും. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവര്‍ ഇന്ന് രാവിലെ ഒന്‍പതോടെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തും.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖു എന്നിവരും ചടങ്ങിനെത്തും. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. 15,000 ഇരിപ്പിടങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇതിനു പുറമേ സ്റ്റേഡിയത്തിന്റെ ഗാലറിയിലും ആളുകള്‍ക്ക് ഇരിക്കാന്‍ സൗകര്യമുണ്ട്. മഴ ഭീഷണിയുള്ളതിനാല്‍ ഇവിടെ മേല്‍ക്കൂരകളും സ്ഥാപിച്ചിട്ടുണ്ട്.
10 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വരുന്ന യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ആഘോഷമാക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് നേതൃത്വം. വിവിധ കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റുകളുടെ നേതൃത്വത്തില്‍ മധുര, പായസ വിതരണമുണ്ടാ കും. സത്യപ്രതിജ്ഞാ ചടങ്ങിനു നേരിട്ടു സാക്ഷ്യം വഹിക്കാന്‍ കഴിയാത്തവര്‍ക്കായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂറ്റന്‍ സ്‌ക്രീനുകളും കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സ്ഥാപിച്ചു.
Crowds flock to Central Stadium: Activists say today is UDF’s day















