തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടക്കവെ, മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനത്തെച്ചൊല്ലി മുന്നണിയിൽ അനിശ്ചിതത്വം തുടരുന്നു. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തുണ്ടായിരുന്നതുപോലെ അഞ്ച് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന ആവശ്യത്തിൽ ലീഗ് ഉറച്ചുനിൽക്കുകയാണെങ്കിലും, കോൺഗ്രസ് നേതൃത്വം ഇതിന് പൂർണ്ണ സമ്മതം മൂളിയിട്ടില്ല. ലീഗിന് നാല് മന്ത്രിസ്ഥാനങ്ങൾ നൽകാനാണ് കോൺഗ്രസ് ആദ്യഘട്ടത്തിൽ താല്പര്യം പ്രകടിപ്പിച്ചത്. ഇതേത്തുടർന്ന് ഉയർന്നുവന്ന തർക്കങ്ങൾ പരിഹരിക്കുന്നതിനായി യുഡിഎഫ് ഉന്നതതല യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.
അഞ്ചാം മന്ത്രിസ്ഥാനം അനുവദിക്കുന്നതിനൊപ്പം ലീഗ് കൈവശം വെച്ചിരുന്ന നിർണായകമായ പൊതുവിദ്യാഭ്യാസ വകുപ്പ് ഇത്തവണ കോൺഗ്രസ് ഏറ്റെടുക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഇതിന് പകരമായി മറ്റൊരു പ്രധാന വകുപ്പ് ലീഗിന് നൽകാനാണ് കോൺഗ്രസിന്റെ ആലോചന. എന്നാൽ, വിദ്യാഭ്യാസ വകുപ്പ് വിട്ടുനൽകാൻ ലീഗ് നേതൃത്വത്തിന് താല്പര്യമില്ല. തങ്ങൾ മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയാണെന്നും അർഹമായ പ്രാതിനിധ്യം ലഭിക്കണമെന്നുമാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും അടങ്ങുന്ന ലീഗ് ഉന്നത നേതൃത്വത്തിന്റെ നിലപാട്.
ഇന്ന് രാവിലെ തിരുവനന്തപുരത്ത് ചേരുന്ന ലീഗ് പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷമായിരിക്കും കോൺഗ്രസ് നേതാക്കളുമായുള്ള ഉഭയകക്ഷി ചർച്ച നടക്കുക. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ തുടങ്ങിയ പ്രമുഖരുടെ പേരുകളാണ് ലീഗിന്റെ മന്ത്രിപ്പട്ടികയിലുള്ളത്. തിങ്കളാഴ്ച സത്യപ്രതിജ്ഞ നടക്കാനിരിക്കെ, ഇന്നത്തെ ചർച്ചകളിൽ വകുപ്പ് വിഭജനത്തിലും മന്ത്രിമാരുടെ എണ്ണത്തിലും അനുകൂലമായ ഒരു ഫോർമുല കണ്ടെത്തി തർക്കങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം.













