പുതിയ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ സജീവമായി

പുതിയ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ സജീവമായി

തിരുവനന്തപുരം: സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറുന്നതോടെ പുതിയ കെപിസിസി പ്രസിഡന്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി. ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നു തന്നെയുള്ള ഒരാളെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് കൊണ്ടുവരുമെന്നാണ് സൂചന. ബെന്നി ബഹനാന്‍, ആന്റോ ആന്റണി ഉള്‍പ്പെടെയുള്ളവരുടെ പേരുകളാണ് സജീവമായുള്ളത്.

ചാണ്ടി ഉമ്മനെ കെപിസിസി പ്രസിഡന്റ് ആക്കണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്. മൂന്നു് വര്‍ക്കിംഗ് പ്രസിഡന്റുമാരില്‍ രണ്ടുപേരും മന്ത്രിമാരായ പശ്ചാത്തലത്തില്‍, സംസ്ഥാന നേതൃത്വത്തില്‍ വലിയ തോതിലുള്ള അഴിച്ചുപണിക്കാണ് ഹൈക്കമാന്‍ഡ് ഇപ്പോള്‍ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിശ്ചയിക്കുന്നതിനൊപ്പം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളിലും വലിയ മാറ്റങ്ങളുണ്ടാകും.

സാമൂഹിക-സമുദായ സന്തുലനവും ഗ്രൂപ്പ് സമവാക്യങ്ങളും കൃത്യമായി പാലിച്ചുകൊണ്ട് പുതിയ സംസ്ഥാന അധ്യക്ഷനെ കണ്ടെത്തുകയെന്നത് ഹൈക്കമാന്‍ഡിന് മുന്നിലെ വലിയ വെല്ലുവിളിയാണ്. നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മുതിര്‍ന്ന നേതാവും എം.പിയുമായ ബെന്നി ബഹനാനാണ് ഈ പദവിയിലേക്ക് ഏറ്റവും മുന്‍പന്തിയിലുള്ളത്. മുന്‍പ് യുഡിഎഫ് കണ്‍വീനര്‍  കെപിസിസി ജനറല്‍ സെക്രട്ടറി, തൃശ്ശൂര്‍ ഡിസിസി പ്രസിഡന്റ്, എഐസിസി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച 73-കാരനായ ബെന്നിക്ക് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നു.

വി ഡി സതീശന്‍ മുഖ്യമന്ത്രിയായി ഉയര്‍ന്നുവന്ന പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ പാര്‍ട്ടിയെ സമവായത്തോടെ മുന്നോട്ട് നയിക്കാന്‍ ബെന്നി ബഹനാന് സാധിക്കുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തല്‍. യാക്കോബായ സമുദായംഗമായ ബെന്നി ബഹനാന് സാമുദായിക സമവാക്യങ്ങളും അനുകൂലമാണ്. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ കെസി വേണുഗോപാലിനെ ‘എ’ ഗ്രൂപ്പ് പൂര്‍ണ്ണമായി പിന്തുണച്ചതിനാല്‍ വേണുഗോപാലിന്റെ പിന്തുണയും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Discussions for the new KPCC president’s post are active in Congress

Share Email
LATEST excelnclexrn
Top