മികവിന്റെ കിരീടത്തില്‍ പൊന്‍തൂവല്‍ ചാര്‍ത്തി പ്രവാസി മലയാളി പെണ്‍കുട്ടി

മികവിന്റെ കിരീടത്തില്‍ പൊന്‍തൂവല്‍ ചാര്‍ത്തി പ്രവാസി മലയാളി പെണ്‍കുട്ടി

അലന്‍ ചെന്നിത്തല

പെന്‍സില്‍വാനിയ: ഐവി ലീഗ് സര്‍വകലാശാലയായ യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വേനിയയില്‍ (UPenn) നിന്നും ഉന്നത അക്കാദമിക് ബഹുമതികള്‍ നേടി പ്രവാസി മലയാളി യുവതി ഡൊറത്തി ജെയ്ന്‍ തോമസ് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയയാകുന്നു. തിരുവനന്തപുരം വെള്ളയമ്പലം സ്വദേശികളായ ആഷിഷ് തോമസിന്റെയും രേഖ തോമസിന്റെയും മകളായ ഡൊറത്തി, ദുബായില്‍ ജനിച്ചുവളര്‍ന്ന് പരമ്പരാഗത സ്‌കൂള്‍ വിദ്യാഭ്യാസത്തിന് പകരം ഹോംസ്‌കൂളിം ഗിലൂടെയാണ് തന്റെ പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയത്. 2026-ലെ വിദ്യാര്‍ത്ഥി പുരസ്‌കാര പട്ടികയില്‍ ഇടംപിടിച്ച ഇവര്‍ക്ക്, ഓര്‍ഗനൈസേഷണല്‍ ഡൈനാമിക്‌സ് പ്രോഗ്രാമിലെ മികച്ച അക്കാദമിക് നേട്ടത്തിനുള്ള ‘ഫാക്കല്‍റ്റി അവാര്‍ഡ്’ ലഭിച്ചു. ഏറ്റവും മികച്ച ക്യാപ്സ്റ്റോണ്‍ (Capstone) പൂര്‍ത്തിയാക്കുന്ന ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഫാക്കല്‍റ്റിയുടെ പ്രത്യേക ശുപാര്‍ശ പ്രകാരം നല്‍കുന്നതാണ് ഈ പുരസ്‌കാരം.

പെന്‍സില്‍വേനിയ സര്‍വകലാശാലയില്‍ നിന്ന് 4.0 ജിപിഎയോടെ (GPA) ഓര്‍ഗനൈസേഷണല്‍ ഡൈനാമിക്‌സില്‍ മാസ്റ്റര്‍ ഓഫ് ഫിലോസഫിയും (MPhil), നോണ്‍ പ്രോഫിറ്റ് ലീഡര്‍ഷിപ്പില്‍ മാസ്റ്റര്‍ ഓഫ് സയന്‍സും എന്നിങ്ങനെ രണ്ട് ബിരുദാനന്തര ബിരുദങ്ങള്‍ ഡൊറത്തി പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൂടാതെ, ‘റിച്ചാര്‍ഡ് ജെ. എസ്റ്റസ് ഗ്ലോബല്‍ സിറ്റിസണ്‍ഷിപ്പ് അവാര്‍ഡും’ ഇവര്‍ക്ക് ലഭിച്ചു. പൊതുരംഗത്തെ തടസ്സങ്ങളും നേതൃത്വപാടവവും പ്രമേയമാക്കി ഇവര്‍ തയ്യാറാക്കിയ ഗവേഷണ പ്രബന്ധത്തിന് ഉയര്‍ന്ന വിജയം ലഭിക്കുകയും, അത് നിലവില്‍ ഒരു പുസ്തകമായി വികസിപ്പിച്ചു വരികയുമാണ്. പഠനകാലത്ത് വിവിധ കോഴ്സുകളില്‍ ടീച്ചിംഗ്, റിസര്‍ച്ച് അസിസ്റ്റന്റായി സേവനമനുഷ്ഠിച്ച ഡൊറത്തി, പഠനം പൂര്‍ത്തിയാക്കിയ ശേഷം ദുബായിലേക്ക് മടങ്ങാനുള്ള തീരുമാനത്തിലാണ്.

ഹോംസ്‌കൂളിംഗിലൂടെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ന്ന മൂന്ന് സഹോദരിമാരില്‍ ഒരാളാണ് ഡൊറത്തി. മക്കളുടെ ഉപരി പഠനം അമേരിക്കന്‍ സിലബസിലാക്കിയ മാതാപിതാക്കളുടെ തീരുമാനം മക്കളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ സ്റ്റെഫനിയും, ഇതേ സര്‍വകലാശാലയിലെ വെറ്ററിനറി സ്‌കൂള്‍ ഓഫ് മെഡിസിനില്‍ മാസ്റ്റേഴ്‌സ് ചെയ്യുന്ന ഡേറിയനുമാണ് സഹോദരിമാര്‍. മികച്ച മാര്‍ക്ക് നേടിയതിന് ബറാക് ഒബാമയില്‍ നിന്ന് സ്റ്റെഫനിയും ജോ ബൈഡനില്‍ നിന്ന് ഡേറിയനും അവാര്‍ഡ് നേടിയിട്ടുണ്ട്. പഠനത്തോടൊപ്പം യാത്രകള്‍ക്കും പ്രാധാന്യം നല്‍കിയ ഇവര്‍ ഇതിനകം എണ്‍പതിലേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

അമേരിക്കന്‍ പ്രസിഡന്റുമാരായ ഡൊണാള്‍ഡ് ട്രംപ്, വില്യം എച്ച്. ഹാരിസണ്‍, പ്രമുഖ വ്യവസായ പ്രമുഖരായ ഇലോണ്‍ മസ്‌ക്, വാറന്‍ ബഫറ്റ്, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ എന്നിവര്‍ പഠിച്ചിറങ്ങിയ വിഖ്യാതമായ സര്‍വകലാശാലയാണിത്. സ്‌കൂള്‍ വിദ്യാഭ്യാസ രീതിക്ക് പകരം അറിവിനോടുള്ള ആകാംക്ഷയും സ്വയംപഠനശീലവും വളര്‍ത്തിയെടുത്ത ഡൊറത്തിയുടെയും സഹോദരിമാരുടെയും ഈ വിദ്യാഭ്യാസ രീതി നിരവധി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വലിയ പ്രചോദനമാണ് നല്‍കുന്നത്.

Expatriate Malayali girl crowned with a golden feather in her crown of excellence

Share Email
LATEST excelnclexrn
Top