പാരീസ്: ലോകമെമ്പാടുമുള്ള വിപണികളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് ആഗോള ഭക്ഷ്യവിലയിൽ തുടർച്ചയായ മൂന്നാം മാസവും വർധനവ് രേഖപ്പെടുത്തിയതായി ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷൻ (FAO) റിപ്പോർട്ട് ചെയ്തു. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങൾ ആഗോള വിതരണ ശൃംഖലയെ ബാധിക്കുമെന്ന ഭീതിയും, ഇതിനെത്തുടർന്ന് വളം ഉൽപ്പാദന ചെലവ് വർധിച്ചതുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അന്താരാഷ്ട്ര വിപണിയിലെ ഭക്ഷ്യവസ്തുക്കളുടെ വില നിലവാരം അളക്കുന്ന എഫ്.എ.ഒ സൂചിക പ്രകാരം ധാന്യങ്ങൾ, സസ്യ എണ്ണ, മാംസം എന്നിവയുടെ വിലയിലാണ് കാര്യമായ വർധനവ് ദൃശ്യമായിരിക്കുന്നത്. എന്നാൽ ഇതേസമയം പാൽ ഉൽപ്പന്നങ്ങൾ, പഞ്ചസാര എന്നിവയുടെ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധികൾ വിതരണത്തെ ഭാഗികമായി ബാധിച്ചിട്ടുണ്ടെങ്കിലും ആഗോള കാർഷിക വിപണി നിലവിൽ കരുത്തുറ്റ പ്രതിരോധം കാഴ്ചവെക്കുന്നുണ്ടെന്ന് എഫ്.എ.ഒ ചീഫ് ഇക്കണോമിസ്റ്റ് മാക്സിമോ ടോറെറോ വ്യക്തമാക്കി. മുൻ വർഷങ്ങളിലെ മികച്ച വിളവെടുപ്പും നിലവിലുള്ള സ്റ്റോക്കും കാരണമാണ് ധാന്യവിലയിൽ ഇപ്പോൾ മിതമായ വർധനവ് മാത്രം പ്രകടമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരുന്ന 2026 വരെ ആഗോള ധാന്യ വിതരണം സുസ്ഥിരമായിരിക്കുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകൂട്ടൽ. മുൻ വർഷത്തെ അപേക്ഷിച്ച് ഉൽപ്പാദനത്തിൽ ആറ് ശതമാനം വളർച്ച പ്രതീക്ഷിക്കുന്നുണ്ടെങ്കിലും വരാനിരിക്കുന്ന ഗോതമ്പ് ഉൽപ്പാദനത്തെക്കുറിച്ച് വിദഗ്ധർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ കാരണം ഊർജ്ജ നിരക്കുകളും വളം വിലയും കുതിച്ചുയരുന്നത് വരും വർഷങ്ങളിൽ കർഷകർക്ക് വലിയ വെല്ലുവിളിയാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.













