തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാളെ (ഓഗസ്റ്റ് 4, ചൊവ്വ) 7 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. തൃശൂർ, കോട്ടയം, കോഴിക്കോട്, മലപ്പുറം, കാസർകോട്, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ പഠനകേന്ദ്രങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഈ ജില്ലകളിൽ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
മഴ രൂക്ഷമായ കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി എന്നീ മൂന്ന് താലൂക്കുകളിലും ജില്ലാ കളക്ടർ നാളെ അവധി നൽകിയിട്ടുണ്ട്. എന്നാൽ ഈ താലൂക്കുകളിൽ പ്രൊഫഷണൽ കോളേജുകൾക്ക് അവധി ബാധകമല്ല. കൂടാതെ, മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. മലയോര മേഖലകളിൽ ഉൾപ്പെടെ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് താലൂക്ക് അടിസ്ഥാനത്തിൽ പ്രാദേശിക അവധികൾ പ്രഖ്യാപിച്ചത്.
അതേസമയം, വയനാട്, ഇടുക്കി ജില്ലകളിൽ മഴക്കെടുതിയെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും നാളെ അവധി ബാധകമായിരിക്കും. കാലാവസ്ഥാ പ്രവചനത്തിന്റെ പശ്ചാത്തലത്തിൽ വെള്ളക്കെട്ട് രൂക്ഷമായ പ്രദേശങ്ങളിലും മലയോര മേഖലകളിലും വരും മണിക്കൂറുകളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി.

















