റിയാദ്: യെമനിലെ ഹൂതി പ്രക്ഷോഭകർ സൗദി അറേബ്യൻ ചരക്ക് കപ്പലുകൾക്കെതിരെ ആക്രമണം ശക്തമാക്കുകയും ഉപരോധം ഏർപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് സൗദി പതാക ഘടിപ്പിച്ച ആറ് സൂപ്പർടാങ്കറുകൾ പാത തിരിച്ചുവിട്ടു. ഏഷ്യൻ രാജ്യങ്ങളിലെ വിതരണത്തിന് ശേഷം തിരിച്ചുവരികയായിരുന്ന ഈ കപ്പലുകൾ, ചെങ്കടലിലേക്കുള്ള പ്രധാന പാതയായ ബാബ് അൽ-മന്ദേബ് കടലിടുക്ക് ഒഴിവാക്കി ദക്ഷിണാഫ്രിക്കയിലെ ഗുഡ് ഹോപ്പ് മുനമ്പ് വഴിയുള്ള ദീർഘദൂര പാതയിലേക്ക് തിരിഞ്ഞു.
എൽ.എസ്.ഇ.ജി, മാരിടൈം ട്രാഫിക് എന്നിവയിൽ നിന്നുള്ള സാറ്റലൈറ്റ് ഷിപ്പ് ട്രാക്കിംഗ് വിവരങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാർത്താ ഏജൻസിയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ഏദൻ ഉൾക്കടലിൽ വെച്ച് ഒന്നിച്ചാണ് സൗദിയുടെ കൂറ്റൻ എണ്ണക്കപ്പലുകൾ തങ്ങളുടെ സഞ്ചാരപാത മാറ്റിയത്.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി സൗദി കപ്പലുകൾക്ക് നേരെ ഹൂതികൾ തുടർച്ചയായി ആക്രമണം നടത്തുകയും ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തതോടെ ചെങ്കടലിലൂടെയുള്ള കപ്പൽ ഗതാഗതം വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർദ്ധിക്കാനും ഇത് കാരണമായിട്ടുണ്ട്. തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾക്ക് നേരെ സൗദി അറേബ്യ നടത്തുന്ന നീക്കങ്ങൾക്ക് മറുപടിയായാണ് ഈ നടപടിയെന്നാണ് ഹൂതി വിമതരുടെ അവകാശവാദം.

















