ടെഹ്റാൻ: മിഡിൽ ഈസ്റ്റിൽ നിന്നുള്ള പുതിയ എണ്ണ കയറ്റുമതിയുടെ കുറവും, വേനൽക്കാലത്തെ കടുത്ത ഇന്ധന ആവശ്യത്തിന് തൊട്ടുമുമ്പായി സംഭരണികളിലെ എണ്ണയുടെ അളവ് വൻതോതിൽ കുറയുന്നതും മൂലം ആഗോള എണ്ണവിപണി വരുന്ന ജൂലൈ അല്ലെങ്കിൽ ഓഗസ്റ്റ് മാസത്തോടെ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് അന്താരാഷ്ട്ര ഊർജ്ജ ഏജൻസി മേധാവി ഫാത്തിഹ് ബിറോൾ മുന്നറിയിപ്പ് നൽകി.
ഇറാൻ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ലോകത്തെ മൊത്തം എണ്ണ-വാതക വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോയിരുന്ന പശ്ചിമേഷ്യയിലെ ഏറ്റവും തന്ത്രപ്രധാനമായ ജലപാതയായ ‘ഹോർമുസ് കടലിടുക്ക്’ പൂർണ്ണമായി തുറക്കുക മാത്രമാണ് ഈ ആഗോള പ്രതിസന്ധിക്കുള്ള ഏക പരിഹാരമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
യുദ്ധത്തെത്തുടർന്ന് വിപണിയിൽ എണ്ണവില കുതിച്ചുയരുന്നത് തടയാൻ കഴിഞ്ഞ മാർച്ച് മാസത്തിന്റെ തുടക്കത്തിൽ ഐഇഎ അംഗരാജ്യങ്ങളുടെ തന്ത്രപരമായ കരുതല ശേഖരത്തിൽ നിന്ന് 400 ദശലക്ഷം ബാരൽ എണ്ണ വിപണിയിലേക്ക് റിലീസ് ചെയ്യാൻ ധാരണയായിരുന്നു. എന്നാൽ ഈ കരുതൽ ശേഖരം ഇപ്പോൾ അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് ബിറോൾ മുന്നറിയിപ്പ് നൽകി. സാഹചര്യം കൂടുതൽ സങ്കീർണ്ണമായാൽ ആവശ്യമെങ്കിൽ കൂടുതൽ അടിയന്തിര എണ്ണശേഖരം വിപണിയിലെത്തിക്കാൻ ഐഇഎ ഏകോപനം നടത്താൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















