ശ്രേഷ്ട ബാവാ ബസേലിയോസ് ജോസഫ് മലങ്കര മെത്രാപ്പോലീത്തയ്ക്ക് ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കുന്നു

ശ്രേഷ്ട ബാവാ ബസേലിയോസ് ജോസഫ് മലങ്കര മെത്രാപ്പോലീത്തയ്ക്ക്  ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കുന്നു

മാത്യുക്കുട്ടി ഈശോ

ന്യൂജേഴ്സി: കാതോലിക്കാ ബാവായായി സ്ഥാനം ഏറ്റതിന് ശേഷം ആദ്യമായി അമേരിക്കയിലെത്തുന്ന സഭയുടെ ഇന്ത്യയിലെ പരമോന്നത അദ്ധ്യക്ഷനായ ശ്രേഷ്ട മോര്‍ ബസേലിയോസ് തിരുമേനിക്ക് ജൂലൈ 22-ന് വൈകിട്ട് 6 മുതല്‍ 9 വരെ ന്യൂയോര്‍ക്ക് പോമോണാ സഫേര്‍ണിലുള്ള ബാങ്ക്വറ്റ് ഹാളില്‍ (DMZT, 106 Pomona Road, Suffern, NY) ക്ഷണിക്കപ്പെട്ട സദസ്സില്‍ വച്ച് പ്രൗഡോജ്വല സ്വീകരണം നല്‍കുന്നു. ന്യൂജേഴ്സി ഓള്‍ഡ് ടാപ്പനില്‍ പ്രവര്‍ത്തിക്കുന്ന ഭദ്രാസന ആസ്ഥാനത്ത് ജൂലൈ 22 മുതല്‍ 25 വരെ നടത്തപ്പെടുന്ന നോര്‍ത്ത് അമേരിക്കന്‍ മലങ്കര ആര്‍ച്ച് ഡയോസിസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ 37-ാമത് കുടുംബ-യുവജന സംഗമത്തില്‍ മുഴുവന്‍ സമയവും പങ്കെടുക്കുന്നതിനാണ് നിയുക്ത ശ്രേഷ്ട കാതോലിക്കാ ബാവാ എത്തിച്ചേരുന്നത്.

നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ എല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ അദ്ധ്യക്ഷതയിലും ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളുടെ സാന്നിദ്ധ്യത്തിലും കഴിഞ്ഞ ദിവസം ഭദ്രാസന ആസ്ഥാനത്ത് ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ നടത്തിയ പത്ര സമ്മേളനത്തിലാണ് ആര്‍ച്ച് ബിഷപ്പ് ഇത് പ്രസ്താവിച്ചത്.

വളരെ കലുഷിതമായ സഭാന്തരീക്ഷമായിരുന്നു നാട്ടിലുണ്ടായിരുന്നത്. ഇപ്പോള്‍ അല്‍പ്പം ശാന്തതയുണ്ടെങ്കിലും പൂര്‍ണ്ണ സമാധാനത്തിലേക്ക് അത് എത്തിയിട്ടില്ല. ഈയൊരു കാലഘട്ടത്തില്‍ ദീര്‍ഘ കാലം യാക്കോബായ സഭയ്ക്ക് നേതൃത്വം കൊടുത്തത് കാലം ചെയ്ത ശ്രേഷ്ഠനായ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ ആയിരുന്നു. അദ്ദേഹം മെത്രാപ്പോലീത്തയായി അന്‍പത് വര്‍ഷം പിന്നിട്ട ആളായിരുന്നു. പാരമ്പര്യം നിലനിര്‍ത്താനായി ആ സ്ഥാനത്തേക്ക് ആര് തിരഞ്ഞെടുക്കപ്പെടും എന്ന് ചെറിയ ആശയക്കുഴപ്പം ആ സമയത്ത് ഉണ്ടായിരുന്നു. ഏതായാലും ദൈവ കൃപയാല്‍ അന്ന് തിരുമേനി ആയിരുന്ന ജോസഫ് മോര്‍ ഗ്രിഗോറിയോസ് തിരുമേനിയെ സഭ ശ്രേഷ്ട ബാവായായി തെരഞ്ഞെടുത്തു. തുടര്‍ന്ന് 2025 മാര്‍ച്ച് 25-ന് ആഗോള പരിശുദ്ധ കാതോലിക്കാ ബാവാ ലെബനോന്‍ ബെയ്റൂട്ടില്‍ വച്ച് അദ്ദേഹത്തെ വാഴിക്കുകയും ചെയ്തു. പ്രസ്തുത സ്ഥാനാരോഹണ ചടങ്ങില്‍ ഇന്ത്യയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളും പങ്കെടുത്തിട്ടുള്ളതാണ്. നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തില്‍ നിന്നും, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആ ചടങ്ങില്‍ ധാരാളം പേര്‍ പങ്കെടുത്തിട്ടുള്ളതാകുന്നു. വളരെ പ്രതീക്ഷ നല്‍കിക്കൊണ്ടാണ് അദ്ദേഹം ശ്രേഷ്ട ബാവായായി സ്ഥാനം ഏറ്റത്. കഴിഞ്ഞ വര്‍ഷത്തെ കുടുംബ സംഗമത്തിന് വന്ന് ചേരണമെന്ന് ബാവ ആഗ്രഹിച്ചതാണ്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ എത്തിച്ചേരുവാന്‍ സാധിച്ചില്ല. അതിനാലാണ് ഈ വര്‍ഷത്തെ കുടുംബ സംഗമത്തിലേക്ക് ശ്രേഷ്ട കാതോലിക്കാ ബാവയെ ക്ഷണിച്ചിരിക്കുന്നത്.

ശ്രേഷ്ട ബാവായായി സ്ഥാനം ഏറ്റതിന് ശേഷം ആദ്യമായാണ് അമേരിക്കയിലേക്ക് അദ്ദേഹം വരുന്നത്. അതിനാല്‍ തന്നെ അദ്ദേഹത്തിന് സമുചിതമായ ഒരു സ്വീകരണം നല്‍കണമെന്നാണ് ആഗ്രഹിക്കുന്നത്. പോമോണാ ബാങ്ക്വറ്റ് ഹാളില്‍ വച്ച് ജൂലൈ 22-ന് വൈകിട്ട് 6-ന് ശ്രേഷ്ട കാതോലിക്കാ ബാവയ്ക്ക് സ്വീകരണം നല്‍കുന്നതിനാണ് ക്രമീകരണങ്ങള്‍ ചെയ്യുന്നത്. പ്രസ്തുത ചടങ്ങിന് എല്ലാ പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭകളിലെയും ബിഷപ്പുമാരെയും ക്ഷണിച്ചിട്ടുണ്ട്. എത്യോപ്യന്‍, ഐറീഷ്യന്‍, കോപ്ടിക്ക്, സിറിയന്‍, മലങ്കര മാര്‍ത്തോമ്മാ തുടങ്ങിയ സഭകളുടെ ബിഷപ്പുമാരെയും മലങ്കര കത്തോലിക്കാ ബിഷപ്പിനെയും ക്ഷണിച്ചിട്ടുണ്ട്. വിവിധ പരിപാടികളോടെയാണ് ആ സ്വീകരണച്ചടങ്ങ് ക്രമീകരിച്ചിരിക്കുന്നത് എന്ന് ആര്‍ച്ച് ബിഷപ്പ് പ്രസ്താവിച്ചു.

ഭദ്രാസന സെക്രട്ടറി റവ. ഫാദര്‍ പോള്‍ തോട്ടയ്ക്കാട്ട്, ജോയിന്റ് സെക്രട്ടറി റവ. ഫാദര്‍ ബ്ലെസ്സന്‍ കുര്യാക്കോസ്, ഭദ്രാസന ട്രഷറര്‍ സിമി ജോസഫ്, ജോയിന്റ് ട്രഷറര്‍ ബോബി കുര്യാക്കോസ്, ഭദ്രാസന മുന്‍ സെക്രട്ടറി റവ. ഫാദര്‍ ജെറി, കൗണ്‍സില്‍ അംഗങ്ങളായ കോര്‍ എപ്പിസ്‌കോപ്പ വെരി റവ. ഫാദര്‍ ജോസഫ് സി. ജോസഫ്, റവ. ഫാദര്‍ കുര്യാക്കോസ് പുതുപ്പാടി, അലക്‌സ് ജോര്‍ജ്, ഷെവലിയാര്‍ ജയ്‌മോന്‍ സ്‌കറിയ, റോയി മാത്യു, സാബു സ്‌കറിയ, ജോയി ഇട്ടന്‍ എന്നിവരും ഇന്ത്യ പ്രസ് ക്ലബ്ബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് സജി എബ്രഹാം, സെക്രട്ടറി മാത്യുക്കുട്ടി ഈശോ, അംഗങ്ങളായ ഈ-മലയാളി ചീഫ് എഡിറ്റര്‍ ജോര്‍ജ് ജോസഫ്, കൈരളി ഡയറക്ടര്‍ ജോസ് കാടാപുറം, 24 ന്യൂസ് കോര്‍ഡിനേറ്റര്‍ ബിനു തോമസ്, ഇന്ത്യ പ്രസ് ക്ലബ്ബ് മുന്‍ നാഷണല്‍ സെക്രട്ടറി ഷിജോ പൗലോസ് എന്നിവരും പത്ര സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

His Holiness Baselios Joseph, the Malankara Metropolitan, receives a welcome in New York

Share Email
Top