ബംഗാളിലേത് ചരിത്ര വിജയം; കേരളത്തിലെ യുഡിഎഫ് മുന്നേറ്റം ഇടത് ദുർഭരണത്തിന്റെ ഫലം: പ്രധാനമന്ത്രി നരേന്ദ്ര മോദി

ബംഗാളിലേത് ചരിത്ര വിജയം; കേരളത്തിലെ യുഡിഎഫ് മുന്നേറ്റം ഇടത് ദുർഭരണത്തിന്റെ ഫലം: പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി നേടിയത് അഭൂതപൂർവവും ചരിത്രപരവുമായ വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പശ്ചിമ ബംഗാളിൽ പുതിയ ചരിത്രം കുറിച്ച പ്രവർത്തകർക്ക് അദ്ദേഹം നന്ദി അറിയിച്ചു. നിതിൻ നവീൻ ദേശീയ അധ്യക്ഷനായ ശേഷം അദ്ദേഹത്തിന്റെ മാർഗനിർദേശപ്രകാരം പാർട്ടി തിളക്കമാർന്ന പ്രകടനമാണ് കാഴ്ചവെച്ചതെന്നും മോദി കൂട്ടിച്ചേർത്തു. ഗംഗോത്രി മുതൽ ഗംഗാസാഗർ വരെ താമര വിരിഞ്ഞുവെന്നും ഇത് വികസനത്തിലൂടെയുള്ള മാറ്റത്തിനുള്ള സമയമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

കേരളത്തിലെ യുഡിഎഫ് വിജയത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. പത്ത് വർഷത്തെ ഇടത് ദുർഭരണത്തിന്റെ ഫലമാണ് കോൺഗ്രസിന് അനുകൂലമായ ഈ വിധിയെഴുത്തെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ കോൺഗ്രസിനെ വൈകാതെ കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വിഭജന രാഷ്ട്രീയം കാരണമാണ് കേരളം, തമിഴ്‌നാട്, ബംഗാൾ എന്നിവിടങ്ങളിൽ ജനങ്ങൾ ഭരണകൂടങ്ങളെ തള്ളിക്കളഞ്ഞത്. വനിതാ സംവരണ ബില്ലിനെ എതിർത്തവർ അതിന്റെ പ്രത്യാഘാതം അനുഭവിക്കുമെന്ന് താൻ നേരത്തെ പറഞ്ഞിരുന്ന കാര്യവും അദ്ദേഹം ഈ അവസരത്തിൽ ഓർമ്മിപ്പിച്ചു.

ബംഗാളിലെ വിജയം ശ്യാമപ്രസാദ് മുഖർജിയുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള അവസരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബംഗാളിലെ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പിലാക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. പ്രതികാര രാഷ്ട്രീയത്തിനല്ല, പകരം വികസനത്തിനാണ് തന്റെ സർക്കാർ മുൻഗണന നൽകുന്നതെന്നും മോദി വ്യക്തമാക്കി. ബിജെപിയുടെ ഈ വിജയം വരും ദിവസങ്ങളിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് പാർട്ടി കേന്ദ്രങ്ങളുടെ വിലയിരുത്തൽ.

Share Email
LATEST excelnclexrn
More Articles
Top