ടെഹ്റാൻ: ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ ഗൾഫ് രാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ചു ഇറാന് നേരെ നടത്താനിരുന്ന സൈനിക ആക്രമണം താൽക്കാലികമായി മാറ്റിവെക്കുന്നുവെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റിന് കടുത്ത ഭാഷയിൽ മറുപടിയുമായി ഇറാൻ വിദേശകാര്യ മന്ത്രാലയം. ട്രംപിന്റെ ഈ പ്രസ്താവന സമാധാനത്തിനുള്ള ആഗ്രഹമല്ല, മറിച്ച് ഏതുനിമിഷവും ഇറാന് നേരെ ഒരു വലിയ സൈനിക ആക്രമണം അഴിച്ചുവിടാനുള്ള അമേരിക്കയുടെ മുൻകൂട്ടിയുള്ള തയ്യാറെടുപ്പിനെയാണ് കാണിക്കുന്നതെന്ന് ഇറാന്റെ നിയമ-അന്താരാഷ്ട്ര കാര്യങ്ങൾക്കായുള്ള ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഗരീബാബാദി വ്യക്തമാക്കി. തന്റെ ഔദ്യോഗിക എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം അമേരിക്കയ്ക്കെതിരെ ആഞ്ഞടിച്ചത്.
“അമേരിക്കയുടേത് വെറുമൊരു കപട നാടകമാണ്. കടുത്ത ‘ഭീഷണിയെ’ അവർ ‘സമാധാനത്തിനുള്ള അവസരം’ എന്ന് വിളിച്ച് ലോകത്തെ പറ്റിക്കുകയാണ്,” കാസെം ഗരീബാബാദി കുറിച്ചു. രണ്ടോ മൂന്നോ ദിവസത്തെ പരിമിതമായ സമയത്തിനുള്ളിൽ ഇറാൻ ആണവ പദ്ധതികൾ ഉപേക്ഷിച്ചില്ലെങ്കിൽ കടുത്ത സൈനിക നടപടിയുണ്ടാകുമെന്ന ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ ഇറാൻ വഴങ്ങില്ലെന്ന വ്യക്തമായ സൂചനയാണ് വിദേശകാര്യ മന്ത്രാലയം നൽകുന്നത്.
അമേരിക്കയുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ സാധ്യതയുള്ള ഏതുതരത്തിലുള്ള സൈനിക അധിനിവേശത്തെയും നേരിടാൻ രാജ്യം പൂർണ്ണ സജ്ജമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. “ഇറാൻ ഒറ്റക്കെട്ടായും കടുത്ത ദൃഢനിശ്ചയത്തോടെയും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ തയ്യാറാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയും പരമാധികാരവും ഇറാൻ സൈന്യത്തിന്റെ കൈകളിൽ ഭദ്രമാണെന്നും, അമേരിക്കൻ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ആണവ പരീക്ഷണങ്ങളിൽ നിന്നും പിന്നോട്ട് പോകില്ലെന്നുമുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ടെഹ്റാൻ. ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്‌പോര് കടുത്തതോടെ പശ്ചിമേഷ്യയിൽ ഏതുനിമിഷവും ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന ഭീതിയിലാണ് ലോകരാജ്യങ്ങൾ.















