അമേരിക്കയും ഇസ്രയേലും നടത്തുന്ന സൈനിക നീക്കങ്ങൾ അവസാനിപ്പിക്കുന്നതിനായി ഇറാൻ പുതിയ 14 ഇന സമാധാന നിർദേശങ്ങൾ സമർപ്പിച്ചു. മുപ്പത് ദിവസത്തിനുള്ളിൽ എല്ലാ മേഖലകളിലെയും യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കണമെന്നതാണ് ഇറാന്റെ പ്രധാന ആവശ്യം. യുഎസ് നിർദേശിച്ച രണ്ട് മാസത്തെ വെടിനിർത്തലിന് പകരം പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നാണ് ഇറാൻ ആവശ്യപ്പെടുന്നത്. ഇറാന്റെ മരവിപ്പിച്ച ആസ്തികൾ മോചിപ്പിക്കുക, നാവിക ഉപരോധം അവസാനിപ്പിക്കുക, അതിർത്തിയിൽ നിന്ന് യുഎസ് സേനയെ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും ഇതിലുൾപ്പെടുന്നു.
ഇറാൻ സമർപ്പിച്ച പുതിയ കരാറിന്റെ ഏകദേശ രൂപം ലഭിച്ചതായും എന്നാൽ നിർദേശങ്ങൾ പൂർണ്ണമായും സ്വീകാര്യമല്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. ഇറാൻ അതിരുകടക്കാൻ ശ്രമിച്ചാൽ ശക്തമായ സൈനിക ആക്രമണം തുടരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാന്റെ കപ്പലുകൾക്ക് ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കില്ലെന്നും രാജ്യത്തെ സാമ്പത്തികമായി ഞെരുക്കുന്ന നടപടികളുമായി മുന്നോട്ട് പോകുമെന്നും ട്രംപ് വ്യക്തമാക്കി.
നിലവിൽ ഏപ്രിൽ 8 മുതൽ താത്കാലിക വെടിനിർത്തൽ നിലവിലുണ്ടെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള അവിശ്വാസം തുടരുകയാണ്. ലെബനനിലെ ആക്രമണം അവസാനിപ്പിക്കണമെന്നും ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി പുതിയ സംവിധാനം വേണമെന്നും ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇറാനെ കൂടുതൽ സമ്മർദ്ദത്തിലാക്കാനുള്ള പുതിയ സൈനിക പദ്ധതികളെക്കുറിച്ച് അമേരിക്ക രഹസ്യ ചർച്ചകൾ നടത്തുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.















