ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ ആളിപ്പടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് ഇറാൻ മുന്നോട്ടുവെച്ച 14 ഇന കർമ്മപദ്ധതി ആഗോളതലത്തിൽ വലിയ ചർച്ചയാകുന്നു. ഇറാന്റെ തന്ത്രപരമായ ചിന്താഗതിയും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിബന്ധനകളും വ്യക്തമാക്കുന്നതാണ് ഈ പുതിയ പ്ലാൻ. എല്ലാ മുന്നണികളിലും യുദ്ധം അവസാനിപ്പിക്കുക എന്നതാണ് ഇറാന്റെ ആദ്യ ലക്ഷ്യം. ഇതിൽ പ്രധാനമായും തെക്കൻ ലെബനനെയും ഹിസ്ബുള്ളയെയും കേന്ദ്രീകരിച്ചുള്ള നീക്കങ്ങൾക്കാണ് ഇറാൻ മുൻഗണന നൽകുന്നത്. ഹിസ്ബുള്ളയുമായും മേഖലയിലെ മറ്റ് സഖ്യകക്ഷികളുമായും ബന്ധപ്പെട്ട പുരോഗതിയെ അടിസ്ഥാനമാക്കി മാത്രമേ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കൂ എന്ന് ഇറാൻ പ്രഖ്യാപിച്ചു കഴിഞ്ഞു.
നേരത്തെ ഇസ്രായേലും ലെബനനും തമ്മിൽ വെടിനിർത്തൽ നടപ്പിലാക്കുന്നത് വരെ ഇസ്ലാമാബാദിൽ നടന്ന ചർച്ചകളിൽ നിന്ന് ഇറാൻ വിട്ടുനിന്നിരുന്നു. അതേ നയം തന്നെയാണ് ഇപ്പോഴും ടെഹ്‌റാൻ പിന്തുടരുന്നത്. സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കാതെ ഒത്തുതീർപ്പിനില്ലെന്ന ശക്തമായ സന്ദേശമാണ് ഇതിലൂടെ ഇറാൻ നൽകുന്നത്. മറ്റൊന്ന് ഹോർമുസ് കടലിടുക്കിലെ പുതിയ സാഹചര്യമാണ്. ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ ഈ കപ്പൽപ്പാതയുടെ പൂർണ്ണ നിയന്ത്രണം ഇപ്പോൾ തങ്ങളുടെ കൈപ്പിടിയിലാണെന്ന് ഇറാൻ അവകാശപ്പെടുന്നു. അമേരിക്ക ഏർപ്പെടുത്തിയിട്ടുള്ള ഉപരോധം പിൻവലിക്കുകയാണെങ്കിൽ കടലിടുക്കിലെ ഈ കർശന നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ തയ്യാറാണെന്ന് ഇറാൻ വ്യക്തമാക്കി. അതായത്, ഹോർമുസ് കടലിടുക്കിനെ ഒരു വലിയ നയതന്ത്ര ആയുധമായാണ് ഇറാൻ ഉപയോഗിക്കുന്നത്.
യുദ്ധം വീണ്ടും ആരംഭിക്കില്ലെന്നും സമാനമായ സാഹചര്യങ്ങൾ ആവർത്തിക്കില്ലെന്നും ഉറപ്പാക്കാൻ അന്താരാഷ്ട്ര ഗ്യാരണ്ടിയും ഇറാൻ ആവശ്യപ്പെടുന്നുണ്ട്. ഈ വിഷയങ്ങളിൽ ധാരണയിലെത്തിയാൽ മാത്രമേ ഏറ്റവും സങ്കീർണ്ണമായ ആണവ കരാർ ചർച്ചകളിലേക്ക് കടക്കാൻ സാധിക്കൂ എന്നാണ് ഇറാന്റെ നിലപാട്. ഇറാന്റെ ഈ ഉപാധികൾ അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും എങ്ങനെ സ്വീകരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും പശ്ചിമേഷ്യയുടെ ഭാവി. മേഖലയിലെ സമാധാന ശ്രമങ്ങളിൽ ഈ 14 ഇന പദ്ധതി എത്രത്തോളം നിർണ്ണായകമാകുമെന്ന് വരും ദിവസങ്ങളിൽ അറിയാം.













