‘മിനാബ് 168’ വിമാനത്തിൽ ഡൽഹിയിൽ പറന്നിറങ്ങി ഇറാൻ വിദേശകാര്യ മന്ത്രി, പ്രധാനമന്ത്രിയുമായി ഇന്ന് അബ്ബാസ് അരാഗ്ചിയുടെ കൂടിക്കാഴ്ച

‘മിനാബ് 168’ വിമാനത്തിൽ ഡൽഹിയിൽ പറന്നിറങ്ങി ഇറാൻ വിദേശകാര്യ മന്ത്രി, പ്രധാനമന്ത്രിയുമായി ഇന്ന് അബ്ബാസ് അരാഗ്ചിയുടെ കൂടിക്കാഴ്ച

ബ്രിക്‌സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുന്നതിനായി ഇറാന്റെ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി ഡൽഹിയിലെത്തി. വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അദ്ദേഹത്തെ ഊഷ്മളമായി സ്വീകരിച്ചു. ഇറാനെതിരായ യുഎസ്-ഇസ്രായേൽ യുദ്ധസാഹചര്യങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി അരാഗ്ചി വിപുലമായ ചർച്ചകൾ നടത്തും. യുദ്ധം അവസാനിപ്പിക്കാൻ ബ്രിക്‌സ് അധ്യക്ഷൻ എന്ന നിലയിൽ ഇന്ത്യ ഇടപെടണമെന്ന് ഇറാൻ നേരത്തെ അഭ്യർത്ഥിച്ചിരുന്നു.

മിനാബിലെ സ്കൂളിൽ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട 168 പെൺകുട്ടികളെ പ്രതീകാത്മകമായി ഓർമ്മിപ്പിച്ചുകൊണ്ട് ‘മിനാബ് 168’ എന്ന് കുറിച്ച വിമാനത്തിലാണ് മന്ത്രി ഡൽഹിയിലെത്തിയത് എന്നത് ശ്രദ്ധേയമായി. യുദ്ധം സാധാരണക്കാരെയും കുട്ടികളെയും എപ്രകാരം ബാധിക്കുന്നു എന്നതിന്റെ രാഷ്ട്രീയ സന്ദേശം നൽകുന്നതാണ് ഈ നീക്കം. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് അദ്ദേഹം ഇന്ത്യയിലെത്തിയിരിക്കുന്നത്.

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത തടസ്സങ്ങളും ആഗോള ഊർജ്ജ വിതരണത്തിലെ പ്രതിസന്ധികളുമായിരിക്കും ജയശങ്കറുമായുള്ള കൂടിക്കാഴ്ചയിലെ പ്രധാന ചർച്ചാവിഷയം. ഹോർമുസ് കടലിടുക്ക് വഴി പോകുന്ന വ്യാപാര കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ സമ്മർദ്ദം ചെലുത്തും. പശ്ചിമേഷ്യൻ സംഘർഷം ആഗോള സാമ്പത്തിക മേഖലയെ ബാധിക്കാനിടയുള്ള സാഹചര്യങ്ങളെ കുറിച്ചും യോഗം വിലയിരുത്തും.

വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അരാഗ്ചിയും മറ്റ് ബ്രിക്‌സ് പ്രതിനിധികളും കൂടിക്കാഴ്ച നടത്തും. സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ബ്രിക്‌സ് വാർഷിക ഉച്ചകോടിക്ക് മുന്നോടിയായാണ് വിദേശകാര്യ മന്ത്രിമാരുടെ ഈ സമ്മേളനം ഡൽഹിയിൽ നടക്കുന്നത്. പ്രാദേശിക സ്ഥിരത ഉറപ്പാക്കാനും സംഘർഷങ്ങൾ ലഘൂകരിക്കാനുമുള്ള നയതന്ത്ര നീക്കങ്ങളിൽ ഈ സന്ദർശനം നിർണ്ണായകമാകും.

Share Email
LATEST excelnclexrn
Top