മുഖ്യമന്ത്രി വി.ഡി. സതീശന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായി തന്നെ നിയമിച്ചെന്ന തരത്തിൽ സോഷ്യൽ മീഡിയയിലും ദേശീയ മാധ്യമമായ ‘ദി ഹിന്ദു’വിലും വന്ന വാർത്തകൾ പൂർണ്ണമായും വ്യാജമാണെന്ന് കെ.എസ്. ശബരീനാഥൻ വ്യക്തമാാക്കി. ഇത്തരമൊരു പദവിയെക്കുറിച്ച് യാതൊരുവിധ ചർച്ചകളും നടന്നിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ മിഥ്യയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ദേശീയ മാധ്യമം വരെ ഈ വാർത്ത പ്രസിദ്ധീകരിച്ചതോടെ സഹപ്രവർത്തകരും സുഹൃത്തുക്കളും നിരന്തരം ബന്ധപ്പെടുന്നതിനാലാണ് ഇപ്പോൾ ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയതെന്ന് ശബരീനാഥൻ പറഞ്ഞു. താൻ ഒരു പദവിയും ലക്ഷ്യം വച്ചല്ല പ്രവർത്തിക്കുന്നത്. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ നിലവിൽ കൃത്യമായി നിർവ്വഹിക്കുന്നുണ്ടെന്നും ബാക്കി കാര്യങ്ങളെല്ലാം പാർട്ടി തന്നെയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിയുടെ കുറിപ്പ്
കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ എന്നെക്കുറിച്ചുള്ള ഒരു വാർത്ത പടർന്നുപിടിക്കുകയാണ്. ഇത് കണ്ടും കേട്ടും ആയിരകണക്കിന് സഹപ്രവർത്തകരും സുഹൃത്തുക്കളുമാണ് എന്നെ ഫോൺ വിളിക്കുന്നത്.ഇവരോടെല്ലാം വാർത്തകൾ എല്ലാം മിഥ്യയാണെന്നും ഇത്തരത്തിലുള്ള ചർച്ചകൾ ഒന്നും നടന്നിട്ടില്ല എന്നും ഞാൻ ഫോണിലൂടെയും വാട്സ്ആപ്പിലൂടെയും പറയുന്നുണ്ട്. സോഷ്യൽ മീഡിയയിൽ മാത്രം ഉത്ഭവിച്ച വാർത്തയായത്കൊണ്ടു ഫേസ്ബുക്കിലൂടെ വിശദീകരണ പോസ്റ്റ് ഇടണമെന്ന് ഇതുവരെ തോന്നിയതുമില്ല. പക്ഷേ നിർഭാഗ്യവശാൽ “The Hindu” പോലെയുള്ള ഒരു ദേശീയമാധ്യമം ഈ വാർത്ത പ്രിന്റിൽ റിപ്പോർട്ട് ചെയ്തതോടെ ജനങ്ങൾ ഈ പ്രചരണം വിശ്വസിച്ചിരിക്കുകയാണ്. അതിനാലാണ് ഇവിടെ ഇനി എഴുതുന്നത്.ഒരു പദവിയും ലക്ഷ്യംവച്ചു പ്രവർത്തിക്കുന്നയാളല്ല ഞാൻ എന്ന് അഭിമാനത്തോടെ പറയാൻ കഴിയും. ഏൽപ്പിച്ച ഉത്തരവാദിത്തങ്ങ നന്നായി കൊണ്ടുപോകുന്നുണ്ട്. ബാക്കി കാര്യങ്ങൾ പാർട്ടി തീരുമാനിക്കും.ശബരി















