കെസി വേണുഗോപാൽ മുഖ്യമന്ത്രിയാകുമെന്ന് ഏകദേശ ധാരണയായെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ കേരളത്തിലുടനീളം ആഹ്ലാദ പ്രകടനങ്ങൾ സംഘടിപ്പിക്കാൻ കെസി പക്ഷം ഒരുങ്ങുന്നു. വി ഡി സതീശന് അനുകൂലമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രകടനങ്ങൾക്ക് ബദലായി വലിയ തോതിലുള്ള ശക്തിപ്രകടനം നടത്താനാണ് കെസി അനുകൂലികളുടെ നീക്കം. ദില്ലിയിൽ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ നടക്കുന്ന നിർണ്ണായക ചർച്ചകളിൽ രാഹുൽ ഗാന്ധി കൂടി പങ്കുചേരുന്നതോടെ കെസി വേണുഗോപാലിന്റെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് ഈ വിഭാഗം.
എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ നടക്കുന്ന യോഗം കേരള രാഷ്ട്രീയത്തിന്റെ ഭാവി നിശ്ചയിക്കുന്ന നിർണ്ണായക ഘട്ടത്തിലാണ്. കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർക്കൊപ്പം കെപിസിസിയുടെ നിലപാടറിയിക്കാൻ സണ്ണി ജോസഫും ചർച്ചയിലുണ്ട്. എംഎൽഎമാരുടെ ഭൂരിപക്ഷ പിന്തുണ കെസിക്കാണെന്ന വസ്തുത ഹൈക്കമാൻഡ് ഗൗരവമായി പരിഗണിക്കുന്നുണ്ട്. രാഹുൽ ഗാന്ധിയുടെ സാന്നിധ്യം ചർച്ചകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതായും ഇന്ന് തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം, ഭൂരിപക്ഷ എംഎൽഎമാരുടെ പിന്തുണ കെസിക്കാണെങ്കിലും ഘടകകക്ഷികൾ വി ഡി സതീശനെ പിന്തുണയ്ക്കുന്നതും ചെന്നിത്തലയുടെ സീനിയോറിറ്റിയും ഹൈക്കമാൻഡിന് മുന്നിൽ വലിയ ചോദ്യങ്ങളായി അവശേഷിക്കുന്നു. ഈ സങ്കീർണ്ണതകൾ നിലനിൽക്കെ തന്നെ കെസി പക്ഷം ആഹ്ലാദ പ്രകടനങ്ങളുമായി മുന്നോട്ട് പോകുന്നത് പാർട്ടിക്കുള്ളിലെ വിഭാഗീയത തെരുവിലേക്ക് പടരുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. ഔദ്യോഗിക പ്രഖ്യാപനം വന്നാലുടൻ സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം വിജയാഘോഷം സംഘടിപ്പിക്കാൻ കെസി വിഭാഗം പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.















