തിരുവനന്തപുരം : തിരുവനന്തപുരത്തെത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണം. സണ്ണി ജോസഫ്, പി.സി വിഷ്ണുനാഥ്, മാത്യു കുഴൽനാടൻ തുടങ്ങിയ പ്രമുഖ നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും മുദ്രാവാക്യം വിളികളോടെ അദ്ദേഹത്തെ എതിരേറ്റു. ഹൈക്കമാൻഡ് തീരുമാനങ്ങൾക്കൊപ്പം നിൽക്കുന്ന അച്ചടക്കമുള്ളവരാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരെന്നും പാർട്ടി തീരുമാനങ്ങൾ അംഗീകരിച്ച് മുന്നോട്ട് പോകേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം വിമാനത്താവളത്തിൽ പറഞ്ഞു.
സൈബർ ആക്രമണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് വികാരാധീനനായാണ് അദ്ദേഹം പ്രതികരിച്ചത്. തന്നെ ഒരുപാട് പിച്ചി ചീന്തിയില്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സംസ്ഥാനത്ത് മികച്ച പ്രവർത്തനശേഷിയുള്ള മന്ത്രിമാർ ഉണ്ടാകുമെന്നും കെ.സി വേണുഗോപാൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഐക്യത്തോടെ മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
വിമാനത്താവളത്തിലെ സ്വീകരണത്തിന് ശേഷം കെ.സി. വേണുഗോപാൽ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ സന്ദർശിക്കുമെന്നാണ് വിവരം. പാർട്ടിയിലെ പുതിയ പുനഃസംഘടനയും മറ്റ് രാഷ്ട്രീയ നീക്കങ്ങളും ചർച്ചയാകാനാണ് സാധ്യത. ഹൈക്കമാൻഡ് പ്രതിനിധി എന്ന നിലയിൽ കേരളത്തിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ഭിന്നതകൾ പരിഹരിക്കുക എന്ന ലക്ഷ്യം കൂടി ഈ സന്ദർശനത്തിന് പിന്നിലുണ്ട്.











