കേരള മുഖ്യമന്ത്രി ചർച്ച കനക്കുന്നു, നേതാക്കളെ ഒന്നടങ്കം ഡൽഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്; കെ സി വേണുഗോപാൽ ഉറപ്പിക്കുമോ?

കേരള മുഖ്യമന്ത്രി ചർച്ച കനക്കുന്നു, നേതാക്കളെ ഒന്നടങ്കം ഡൽഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്; കെ സി വേണുഗോപാൽ ഉറപ്പിക്കുമോ?

കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായുള്ള ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക്. മുൻ കെപിസിസി അധ്യക്ഷന്മാരായ കെ. മുരളീധരൻ, വി.എം. സുധീരൻ, കെ. സുധാകരൻ, എം.എം. ഹസൻ, മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരോടും വർക്കിംഗ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ, പി.സി. വിഷ്ണുനാഥ്, എ.പി. അനിൽകുമാർ എന്നിവരോടും അടിയന്തരമായി ഡൽഹിയിലെത്താൻ ഹൈക്കമാൻഡ് നിർദ്ദേശിച്ചു. ഇതിനകം പല നേതാക്കളും തലസ്ഥാനത്തേക്ക് തിരിച്ചുകഴിഞ്ഞു. കെ.സി. വേണുഗോപാൽ തന്നെ മത്സരരംഗത്തുള്ള സാഹചര്യത്തിൽ, തികച്ചും സുതാര്യമായ ചർച്ചകളിലൂടെ അന്തിമ തീരുമാനമെടുക്കാനാണ് എഐസിസി നേതൃത്വത്തിന്റെ നീക്കം.

നിലവിൽ കെ.സി. വേണുഗോപാലിന് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുൻതൂക്കം കൽപ്പിക്കപ്പെടുന്നത്. അൻപതിലേറെ എംഎൽഎമാരുടെ പിന്തുണ അദ്ദേഹത്തിനുണ്ടെന്നാണ് നിരീക്ഷകരുടെ റിപ്പോർട്ട്. വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർക്ക് പിന്തുണ നൽകുന്നവരുടെ എണ്ണം ഒറ്റയക്കത്തിലൊതുങ്ങുന്നതും രാഹുൽ ഗാന്ധിയുടെ വ്യക്തിപരമായ താൽപ്പര്യവും വേണുഗോപാലിന് അനുകൂല ഘടകങ്ങളാണ്. നാളെ നടക്കുന്ന വിശാല ചർച്ചയിൽ രാഹുൽ ഗാന്ധി നേരിട്ട് പങ്കെടുത്ത് നേതാക്കളുടെ അഭിപ്രായം തേടും.

പ്രഖ്യാപനം നീളുന്നത് ദേശീയതലത്തിൽ പാർട്ടിക്ക് പരിഹാസത്തിന് ഇടയാക്കുന്ന സാഹചര്യത്തിൽ ബുധനാഴ്ചയോടെ അന്തിമ തീരുമാനമുണ്ടാകാനാണ് സാധ്യത. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ നിലപാട് പ്രിയങ്ക ഗാന്ധി രാഹുലിനെ ധരിപ്പിച്ചിട്ടുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രൻ ഒഴികെയുള്ള പ്രമുഖ നേതാക്കളെല്ലാം നാളത്തെ ചർച്ചയിൽ പങ്കെടുക്കും. പ്രഖ്യാപനത്തിന് പിന്നാലെ ഉണ്ടാകാനിടയുള്ള ഗ്രൂപ്പ് പോരുകളും പ്രതിഷേധങ്ങളും മുൻകൂട്ടി തണുപ്പിക്കാനാണ് ഹൈക്കമാൻഡ് ഇപ്പോൾ ശ്രമിക്കുന്നത്.

Share Email
LATEST excelnclexrn
More Articles
Top