ചെറിയ ഭൂരിപക്ഷത്തിലാണെങ്കിലും കേരളത്തിൽ എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൽഡിഎഫ് സർക്കാർ പാവപ്പെട്ടവർക്കായി നടപ്പിലാക്കിയ ക്ഷേമപ്രവർത്തനങ്ങൾ വലിയൊരു വിഭാഗം ജനങ്ങൾക്ക് ഗുണകരമായെന്നും ഏകദേശം 60 ലക്ഷത്തോളം പേർക്ക് ഇതിന്റെ ഗുണം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ കാര്യങ്ങൾ കൃത്യമായി പഠിച്ച ശേഷമാണ് ഭരണത്തുടർച്ച പ്രവചിക്കുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
ബിജെപിയെ കേരളം കണ്ടില്ലെന്ന് നടിക്കരുതെന്നും നിയമസഭയിൽ അവർ ഇത്തവണ അക്കൗണ്ട് തുറക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജെപി ജയിക്കുന്നത് സംസ്ഥാനത്ത് ഒരു തിരുത്തൽ ശക്തിയായി പ്രവർത്തിക്കാൻ സഹായിക്കുമെന്നും രാജ്യം ഭരിക്കുന്ന പാർട്ടിക്ക് ഇവിടെ ഒന്നോ രണ്ടോ സീറ്റുകൾ ലഭിക്കുന്നതിൽ ആരും ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ജില്ലയിലായിരിക്കും ബിജെപിക്ക് കൂടുതൽ വിജയസാധ്യതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഡിഎഫ് അധികാരത്തിൽ വന്നാൽ കടുത്ത ആഭ്യന്തര കലഹങ്ങളായിരിക്കും ഉണ്ടാകുകയെന്ന് വെള്ളാപ്പള്ളി വിമർശിച്ചു. ഭരണം കിട്ടുമെന്ന് തോന്നിയപ്പോൾത്തന്നെ മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസിനുള്ളിൽ വലിയ തർക്കങ്ങളാണ് നടക്കുന്നത്. ഭരണം ലഭിച്ചാൽ ഇത് വലിയ ഇടിപിടിയിലേക്ക് മാറുമെന്നും അദ്ദേഹം പരിഹസിച്ചു. കോൺഗ്രസിന്റെ ഹൈക്കമാൻഡ് ഇപ്പോൾ പാണക്കാട്ടാണെന്നും യുഡിഎഫ് വന്നാൽ ഭരണം നിയന്ത്രിക്കുന്നത് മുസ്ലിം ലീഗായിരിക്കുമെന്നും അദ്ദേഹം ആരോപിച്ചു.
യുഡിഎഫിനുള്ളിലെ ലീഗിന്റെ അമിത സ്വാധീനത്തെയും കോൺഗ്രസിന്റെ ബലഹീനതയെയും വെള്ളാപ്പള്ളി രൂക്ഷമായി വിമർശിച്ചു. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് മന്ത്രിമാരെയും വകുപ്പുകളെയും തീരുമാനിച്ചത് എവിടെനിന്നാണെന്ന് കേരളം കണ്ടതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തന്റെ നിരീക്ഷണങ്ങൾ സത്യസന്ധമായ കാര്യങ്ങളാണെന്നും അതിൽ ആർക്കും പരിഭവം ഉണ്ടായിട്ട് കാര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.















