വി.ഡി സതീശന്‍ മുഖ്യമന്ത്രിയായി വരണമെന്നാഗ്രഹിക്കുന്നവരാണ് കേരളത്തിലെ ഭൂരിപക്ഷ കോണ്‍ഗ്രസ് പ്രവര്‍ത്തകരും: സജി കരിമ്പന്നൂര്‍

വി.ഡി സതീശന്‍ മുഖ്യമന്ത്രിയായി വരണമെന്നാഗ്രഹിക്കുന്നവരാണ് കേരളത്തിലെ ഭൂരിപക്ഷ കോണ്‍ഗ്രസ് പ്രവര്‍ത്തകരും: സജി കരിമ്പന്നൂര്‍

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി വി.ഡി. സതീശന്‍ വരണമെന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ ഭൂരിഭാഗം കോണ്‍ഗ്രസ്പ്രവര്‍ത്തകരും സാധാരണജനങ്ങളുമെന്നു സജി കരിമ്പന്നൂര്‍. പ്രതിപക്ഷനേതാവെന്ന നിലയില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അദ്ദേഹം കേരള രാഷ്ട്രീയത്തില്‍ ശക്തമായസാന്നിധ്യമായി മാറിയിരിക്കുകയാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നിയമസഭയ്ക്കുള്ളിലും പുറത്തും ശക്തമായി ഉന്നയിക്കുകയും ഭരണത്തിന്റെ വീഴ്ചകള്‍ക്കെതിരെ ധൈര്യപൂര്‍വമായ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്ത നേതാവാണ് അദ്ദേഹം. നിലത്തിറങ്ങി ജനങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്ന നേതാവെന്ന പ്രതിച്ഛായയാണ് വി.ഡി. സതീശനെ മറ്റു പല നേതാക്കളില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നത്. ഇന്ന് ജനങ്ങള്‍ രാഷ്ട്രീയ പ്രസംഗങ്ങളേക്കാള്‍ പ്രവര്‍ത്തനക്ഷമതയും വിശ്വാസ്യതയും നോക്കിയാണ് നേതാക്കളെ വിലയിരുത്തുന്നത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ഇന്ന് വളരെ നിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.

വര്‍ഷങ്ങളായി ജനങ്ങള്‍ അനുഭവിച്ച ഭരണ വൈകല്യങ്ങള്‍ക്കും അഹങ്കാര രാഷ്ട്രീയത്തിനുമെതിരെ ശക്തമായ ജനവികാരം ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് യുഡിഎഫിനും കോണ്‍ഗ്രസിനും ഈ വലിയ അവസരം ലഭിച്ചിരിക്കുന്നത്. ഇത് ഒരു സാധാരണ തിരഞ്ഞെടുപ്പ് വിജയത്തിന്റെ സാധ്യത മാത്രമല്ല; ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നതിന്റെ വ്യക്തമായ രാഷ്ട്രീയ സന്ദേശമാണ്. അതുകൊണ്ടുതന്നെ ഈ സുവര്‍ണാവസരം വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കോ ഗ്രൂപ്പ് രാഷ്ട്രീയത്തിനോ വേണ്ടി നഷ്ടപ്പെടുത്തരുത്. പാര്‍ട്ടിയുടെ ഐക്യവും ജനവിശ്വാസവും സംരക്ഷിക്കുന്ന രീതിയില്‍ ദൂരദര്‍ശിത്വത്തോടെ തീരുമാനങ്ങള്‍ എടുക്കേണ്ട സമയമാണിത്. കെ.സി. വേണുഗോപാല്‍ ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക നേതാക്കളില്‍ ഒരാളാണ്.

രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായ സഹപ്രവര്‍ത്തകനായും സംഘടനാതലത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്ന നേതാവായും അദ്ദേഹം ഇതിനകം ദേശീയതലത്തില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. ഭാവിയില്‍ അദ്ദേഹത്തിന് കൂടുതല്‍ വലിയ ഉത്തരവാദിത്വങ്ങളും അവസരങ്ങളും ലഭിക്കുമെന്ന വിശ്വാസം നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അനുയായികള്‍ക്കും ഉണ്ട്. എന്നാല്‍ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിലും ജനമനസ്സിലും വി.ഡി. സതീശനാണ് മുന്നിലുള്ളത്എന്നത് യാഥാര്‍ത്ഥ്യമാണ്.ജനങ്ങളുടെ വികാരവും രാഷ്ട്രീയയാഥാര്‍ ത്ഥ്യവും മനസ്സിലാക്കികോണ്‍ഗ്രസ് നേതൃത്വം ശരിയായ തീരുമാനം എടുത്താല്‍ കേരളത്തില്‍ ശക്തമായ ഒരു പുതിയഭരണാധ്യായത്തിന് തുടക്കമാകാന്‍ഇത് കാരണമാകും.

Majority of Congress workers in Kerala want VD Satheesan to become Chief Minister: Saji Karimpannur

Share Email
Top