തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷനിൽ (പി.എസ്.സി) ഉദ്യോഗസ്ഥർക്കെതിരെ സർക്കാരിന്റെ കർശന നടപടി. പരീക്ഷാ വിഭാഗം അഡീഷണൽ സെക്രട്ടറിയായ ആർ. ഹരിയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ആർ. ഹരിയെ പ്രതി ചേർത്തതിന് തൊട്ടുപിന്നാലെയാണ് ഈ നിർണായക നടപടിയുണ്ടായിരിക്കുന്നത്.
ഇതിനുപുറമേ, കേസിൽ പ്രതി ചേർക്കപ്പെട്ട മറ്റൊരു ഉദ്യോഗസ്ഥനായ മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷിന്റെ വിരമിക്കൽ ആനുകൂല്യങ്ങൾ തടഞ്ഞുവെക്കാനും തീരുമാനമായിട്ടുണ്ട്. പി. സതീഷ് നിലവിൽ സർവീസിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനായതിനാലാണ് അദ്ദേഹത്തിന്റെ പെൻഷൻ ഉൾപ്പെടെയുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ തടയാൻ പി.എസ്.സി തീരുമാനിച്ചത്.
കേസുമായി ബന്ധപ്പെട്ട് ക്രമക്കേടുകളിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആർ. ഹരിയെയും പി. സതീഷിനെയും അന്വേഷണ സംഘം കേസിൽ പ്രതി ചേർത്തത്. ഇതിന് പിന്നാലെ ഉയർന്ന വന്ന ഗുരുതരമായ ആരോപണങ്ങളുടെയും അന്വേഷണ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് ഇരുവർക്കുമെതിരെ മാതൃകാപരമായ തുടർനടപടികൾ സ്വീകരിച്ചിരിക്കുന്നത്.



















