മിസിസിപ്പി: മിസിസിപ്പി തീരത്ത് ആറ് പേരുമായി യാത്ര ചെയ്ത ചെറുവിമാനം തകര്‍ന്നുവീണു. രണ്ട് കുട്ടികളടക്കമാണ്് വിമാനത്തിലുണ്ടായിരുന്നത്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് ഹോണ്‍ ഐലന്‍ഡിന് സമീപമാണ് അപകടമുണ്ടായതെന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. അപകടത്തിന് പിന്നാലെ യാത്രക്കാരെ കണ്ടെത്തുന്നതിനായി വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു. നാല് മുതിര്‍ന്നവരും എട്ടും പത്തും യസ്സുള്ള രണ്ട് ആണ്‍കുട്ടികളുമാണ് വിമാനത്തിലുണ്ടായിരുന്നത്.
സെസ്ന 210 വിഭാഗത്തില്‍പ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പ്രാദേശിക സമയം ചൊവ്വാഴ്ച വൈകിട്ട് 3.30ഓടെ മിസിസിപ്പിയിലെ പാസ്കഗൗള നഗരത്തിന് തെക്കുപടിഞ്ഞാറ് ഭാഗത്താണ് വിമാനം തകര്‍ന്നുവീണതെന്നാണ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്റെ (എഫ്എഎ) പ്രാഥമിക വിലയിരുത്തല്‍. വൈകിട്ട് 3.45ഓടെ വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി എഫ്എഎ കണ്ട്രോള് ടവര്‍ കോസ്റ്റ് ഗാര്‍ഡിനെ അറിയിച്ചിരുന്നു.
ഹോണ്‍ ഐലന്‍ഡിന് വടക്കുകിഴക്കന്‍ ഭാഗത്ത് വിമാനം കടലില്‍ പതിക്കുകയായിരുന്നു. അപകടസ്ഥലത്ത് വിവിധ രക്ഷാപ്രവര്‍ത്തന ഏജന്‍സികള്‍ സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്.
തിരച്ചിലിനിടെ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെങ്കിലും യാത്രക്കാരില്‍ ആരെയും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ കൂടുതല്‍ വിവരങ്ങളും യാത്രക്കാരുടെ നിലവിലെ സ്ഥിതിയും സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
ന്യൂ ഓര്‍ലിയന്‍സില്‍ നിന്ന് പുറപ്പെട്ട വിമാനം ഫ്ലോറിഡയിലെ ഫോര്‍ട്ട് മയേഴ്സിലേക്കാണ് യാത്ര ചെയ്തിരുന്നതെന്നാണ് ഫ്ലൈറ്റ് റഡാര്‍ 24ലെ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനും നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് സേഫ്റ്റി ബോര്‍ഡും അന്വേഷണം നടത്തും. രക്ഷാപ്രവര്‍ത്തനത്തിന് പിന്നാലെ അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ.
A small plane carrying six passengers crashed off the Mississippi coast; a search is underway to locate the passengers, including two children.
















