വാഷിംഗടണ്‍: അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ (സിഐഎ) രഹസ്യസ്വഭാവമില്ലാത്ത ഒരു കമ്പ്യൂട്ടര്‍ സംവിധാനം സൈബര്‍ ആക്രമണത്തില്‍ തകര്‍ന്നതായി റിപ്പോര്‍ട്ട്. അസോസിയേറ്റഡ് പ്രസ് ആണ് വാര്‍ത്ത പുറത്തുവിട്ടത്. ആക്രമണത്തില്‍ രഹസ്യവിവരങ്ങളൊന്നും ചോര്‍ന്നിട്ടില്ലെന്നും പ്രശ്നം പരിഹരിച്ചതായും പേരു വെളിപ്പെടുത്താത്ത സിഐഎ ഉദ്യോഗസ്ഥന് അറിയിച്ചു.ഇന്റര്‍നെറ്റ്, വാണിജ്യ ഉപഗ്രഹങ്ങള്‍, സ്വകാര്യ ഡാറ്റാ ശേഖരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് ലഭ്യമായ വിവരങ്ങള്‍ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന ഓപ്പണ്‍ സോഴ്സ് ഇന്റലിജന്‍സ് സംവിധാനത്തെയാണ് ആക്രമണം ബാധിച്ചത്. പൊതുവായതോ ഭാഗികമായി പൊതുജനങ്ങള്‍ക്ക് ലഭ്യമായതോ ആയ വിവരങ്ങളാണ് ഈ സംവിധാനത്തിലൂടെ കൈകാര്യം ചെയ്യുന്നത്.
ആക്രമണത്തിലൂടെ ഏതൊക്കെ വിവരങ്ങളാണ് ചോര്‍ന്നതെന്നോ ഇതിന് പിന്നില്‍ ആരാണെന്നോ വ്യക്തമായിട്ടില്ല. ചൊവ്വാഴ്ച ന്യൂയോര്‍ക്ക് ടൈംസാണ് സിഐഎ സംവിധാനത്തിന് നേരെയുണ്ടായ സൈബര്‍ ആക്രമണം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, രഹസ്യവിവരങ്ങള്‍ ഉള്‍പ്പെട്ട സംവിധാനങ്ങളൊന്നും ആക്രമണത്തില്‍ ബാധിക്കപ്പെട്ടിട്ടില്ലെന്നാണ് അധികൃതരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്കുന്ന വിവരം.
അമേരിക്കയിലെ വിവിധ നിര്‍ണായക സംവിധാനങ്ങളിലുണ്ടായ തുടര്‍ച്ചയായ തകരാറുകള്ക്കിടെയാണ് പുതിയ സംഭവം പുറത്തുവരുന്നത്. കഴിഞ്ഞ ആഴ്ച ദേശീയ സുരക്ഷാ ഏജന്‍സി (എന്‍എസ്എ) രഹസ്യവിവരങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കുന്ന ആഭ്യന്തര ശൃംഖല താല്‍ക്കാലികമായി പ്രവര്‍ത്തനരഹിതമായിരുന്നു. രാജ്യത്തെ നിയമപാലന വിഭാഗങ്ങള്‍ ഉപയോഗിക്കുന്ന ഡാറ്റാബേസിന് നേരെയുണ്ടായതായി സംശയിക്കുന്ന ഹാക്കിംഗ് സംഭവത്തിലും എഫ്ബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ വിമാന നിയന്ത്രണ ഉദ്യോഗസ്ഥര്‍ക്ക് പൈലറ്റുമാരുമായി ആശയവിനിമയം നടത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടായതിനെ തുടര്‍ന്ന് രാജ്യവ്യാപകമായി വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ടിവന്നു. ആപ്പിള്‍, ജെപി മോര്ഗന് ചേസ്, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളുടെ സംവിധാനങ്ങളിലും ഈ മാസം തടസ്സങ്ങളുണ്ടായി.
നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍, ബാങ്കിംഗ് സംവിധാനങ്ങള്‍, ദശലക്ഷക്കണക്കിന് ആളുകള്‍ ദൈനംദിനം ഉപയോഗിക്കുന്ന ഡിജിറ്റല്‍ സേവനങ്ങള്‍ എന്നിവയുടെ സുരക്ഷയെക്കുറിച്ച് ഇത്തരം സംഭവങ്ങള്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഇവയെല്ലാം ഏകോപിതമായ സൈബര്‍ ആക്രമണത്തിന്റെ ഭാഗമല്ലെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടത്തിന്റെ വിശദീകരണം. ഹാക്കര്‍മാര്‍ അത്യാധുനിക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് വലിയ തോതില്‍ ആക്രമണങ്ങള്‍ നടത്താന്‍ ശേഷി നേടിയ സാഹചര്യത്തില്‍, അവരെ പ്രതിരോധിക്കാന്‍ സംവിധാനങ്ങള്‍ വേഗത്തില്‍ പരിഷ്കരിക്കുകയും സുരക്ഷാ അപ്ഡേറ്റുകള് നടപ്പാക്കുകയും ചെയ്യുന്നതിലെ തിരക്കാണ് തകരാറുകള്‍ക്ക് പ്രധാന കാരണമെന്ന് ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ ജെയ് ക്ലെയ്റ്റണ്‍ വ്യക്തമാക്കി. ഞായറാഴ്ച രാവിലെ വിവിധ ടെലിവിഷന്‍ പരിപാടികളിലൂടെ ജനങ്ങളുടെ ആശങ്ക അകറ്റാനുള്ള ശ്രമവും അദ്ദേഹം നടത്തി.
CIA’s computer system crippled in a cyberattack
















