കൊച്ചി: സി.എം.ആർ.എൽ–എക്സാലോജിക് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രതികൾക്ക് താൽക്കാലിക ആശ്വാസം. പിണറായി വിജയനെതിരെ കൈക്കൂലിക്കേസും മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഹവാല കേസും റജിസ്റ്റർ ചെയ്യാനുള്ള സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് പ്രകാരമുള്ള എല്ലാ തുടർനടപടികളും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തടഞ്ഞു. സിംഗിൾ ബെഞ്ചിന്റെ വിധി ചോദ്യംചെയ്ത് പിണറായി വിജയൻ സമർപ്പിച്ച അപ്പീൽ ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു.
സിംഗിൾ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള എല്ലാ തുടർനടപടികളും ഇ.ഡി അന്വേഷണവും എഫ്.ഐ.ആറിലെ നടപടികളും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർത്തിവെപ്പിച്ചു. സിംഗിൾ ബെഞ്ച് വിധിയിലെ നിയമപ്രശ്നങ്ങൾ കോടതി പരിശോധിക്കും. കേസിൽ നാലാഴ്ചയ്ക്കകം മറുപടി നൽകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോടും (ഇ.ഡി) വിജിലൻസിനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്പീൽ ഹർജിയിൽ നവംബർ 25 മുതൽ ഡിവിഷൻ ബെഞ്ച് വാദം കേട്ടുതുടങ്ങും. നാലാഴ്ചയ്ക്ക് ശേഷമായിരിക്കും വിഷയത്തിൽ ഹൈക്കോടതി വിശദമായ വാദം കേൾക്കുക. തങ്ങൾക്കെതിരായ നടപടികൾ തടഞ്ഞുള്ള ഈ ഉത്തരവ് കേസിൽ പ്രതിചേർക്കപ്പെട്ടവർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.



















