ബംഗാളിൽ തൃണമൂൽ യുഗം അവസാനിച്ചു; മമതയ്ക്ക് പതനം, ബിജെപിക്ക് ചരിത്ര വിജയം

ബംഗാളിൽ തൃണമൂൽ യുഗം അവസാനിച്ചു; മമതയ്ക്ക് പതനം, ബിജെപിക്ക് ചരിത്ര വിജയം

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ അധികാരത്തിൽ നിന്നിറക്കി ബിജെപിക്ക് ഉജ്ജ്വല വിജയം. മുഖ്യമന്ത്രി മമത ബാനർജി സ്വന്തം തട്ടകമായ ഭവാനിപൂരിൽ പരാജയപ്പെട്ടത് തൃണമൂൽ ക്യാമ്പിന് കനത്ത ആഘാതമായി. മുൻ വിശ്വസ്തൻ സുവേന്ദു അധികാരിയോട് 15,000 വോട്ടുകൾക്കാണ് മമത അടിയറവ് പറഞ്ഞത്. നൂറ് സീറ്റുകൾ പോലും തികയ്ക്കാനാവാതെ ഭരണകക്ഷി തകർന്നടിഞ്ഞപ്പോൾ, അക്രമ രാഷ്ട്രീയത്തിന് ജനങ്ങൾ നൽകിയ മറുപടിയാണ് ഈ ജനവിധിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു.

വടക്കൻ ബംഗാളിൽ സമ്പൂർണ്ണ ആധിപത്യം പുലർത്തിയ ബിജെപി, തൃണമൂലിന്റെ ഉരുക്കുകോട്ടകളായ തെക്കൻ ബംഗാളിലും വൻ മുന്നേറ്റമാണ് നടത്തിയത്. ആർജി കർ മെഡിക്കൽ കോളേജ് സംഭവത്തിൽ കൊല്ലപ്പെട്ട ഡോക്ടറുടെ അമ്മയും ബിജെപി സ്ഥാനാർത്ഥിയുമായ രത്ന ദേബ്നാഥ് 20,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചത് ഭരണവിരുദ്ധ വികാരത്തിന്റെ ശക്തമായ പ്രതിഫലനമായി. വോട്ടെണ്ണൽ കേന്ദ്രത്തിൽ മമത ബാനർജി നേരിട്ടെത്തി പ്രതിഷേധിച്ചത് നാടകീയ രംഗങ്ങൾക്ക് വഴിവെച്ചെങ്കിലും ബിജെപിയുടെ വിജയക്കുതിപ്പിനെ തടയാൻ കഴിഞ്ഞില്ല.

ന്യൂനപക്ഷ വോട്ടുകളിലുണ്ടായ ഭിന്നിപ്പും തൃണമൂലിന് വലിയ തിരിച്ചടിയായി. ഹുമയൂൺ കബീറിന്റെ പാർട്ടിയും എഐഎസ്ഫും ന്യൂനപക്ഷ മേഖലകളിൽ വോട്ട് പിടിച്ചത് മമതയുടെ വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കി. ഏറെക്കാലത്തിന് ശേഷം കോൺഗ്രസ് രണ്ട് സീറ്റുകളിലും സിപിഎം ഒരു സീറ്റിലും വിജയിച്ച് നിയമസഭയിൽ സാന്നിധ്യമറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തന്ത്രപരമായ ആസൂത്രണവും പ്രധാനമന്ത്രിയുടെ നേതൃത്വവും ബംഗാളിൽ താമര വിരിയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. ഉടൻ തന്നെ പുതിയ ബിജെപി സർക്കാർ ബംഗാളിൽ അധികാരമേൽക്കും.

Share Email
LATEST excelnclexrn
Top