കാലിഫോര്‍ണിയ: ആഗോള ടെക് കമ്പനിയായ മെറ്റയില്‍ ഒറ്റയടിക്ക് ജോലി പോയത് 8,000 പേര്‍ക്ക്. വര്‍ക്ക് ഫ്രം ഹോം നിര്‍ദേശം നല്കിയതിനു പിന്നാലെയാണ് ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ സന്ദേശം എത്തിയത്. പുലര്‍ച്ചെ നാലിനായിരുന്നു ഇമെയില്‍ സന്ദേശമായി പിരിച്ചുവിടല്‍ നിര്‍ദേശം എത്തിയത്. ആകെയുള്ള ജീവനക്കാരുടെ 10 ശതമാനമാണ് ഇത്തരത്തില്‍ പിരിച്ചുവിടല്‍ നേരിട്ടത്. സിംഗപ്പൂരിലാണ് നടപടികളുടെ തുടക്കം. ഇതിനു പിന്നാലെ അമേരിക്കയിലേയും ബ്രിട്ടണിലേയും ജീവനക്കാര്‍ക്കും പിരിച്ചുവിടല്‍ സന്ദേശമെത്തി.
പിരിച്ചുവിടലുകള്‍ക്ക് പിന്നില്‍ എഐ പുനസജീകരണമാണെന്നാണ് മെറ്റ വ്യക്തമാക്കുന്നത്. ഏകദേശം 78,000 ജീവനക്കാരുണ്ടായിരുന്ന മെറ്റയില്‍ നിന്ന് ഇനിയും ജീവനക്കാരെ പിരിച്ചുവിടാന്‍ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 7,000 ത്തോളം ജീവനക്കാരെ പുതിയ എഐ ടീമുകളിലേക്ക് മാറ്റും. 6000 തൊഴില്‍ മേഖലകള്‍ പൂര്‍ണമായും ഒഴിവാക്കി.
മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് കമ്പനിയുടെ പ്രധാന ഭാവി നിക്ഷേപ മേഖലയായി നിര്‍മിത ബുദ്ധിയെ പ്രഖ്യാപിച്ചിട്ടുണ്ട്. 2026ല്‍ മാത്രം എഐ വികസനത്തിനും ഇന്‍ഫ്രാസ്ട്രക്ചറിനുമായി 125 മുതല്‍ 145 ബില്യണ്‍ ഡോളര്‍ വരെ ചെലവഴിക്കാന്‍ മെറ്റ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.മുന്നറിയിപ്പില്ലാതെ പെട്ടന്നുള്ള പിരിച്ചുവിടലില്‍ ജീവനക്കാര്‍ കടുത്ത പ്രതിസന്ധിയിലായി.
Mass layoffs in Meta: 8,000 people lost their jobs in one go















