വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച്ച അടുത്ത മാസം നടന്നേക്കുമെന്നു സൂചന. അടുത്ത മാസം ഫ്രാന്‍സില്‍ വെച്ച് നടക്കുന്ന ജി7 ഉച്ചകോടിയില്‍ ഇരുവരും കൂടിക്കാഴ്ച്ച നടത്തുമെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഇന്ത്യ ജി 7 സഖ്യത്തിലെ പ്രത്യേക ക്ഷണിതാവായി ഇന്ത്യ ഈ ആഗോള ഉച്ചകോടിയില്‍ പങ്കെടുക്കാറുണ്ട്. ഇത്തവണ ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ജൂണ്‍ 15 മുതല്‍ 17 വരെ എവിയാന്‍-ലെ-ബെയിന്‍സില്‍ നടക്കുന്ന ജി7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി മോദിയെ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്.
ഇതിനു മുമ്പ് അവസാനമായി മോദിയും ട്രംപും കൂടിക്കാഴ്ച്ച നടത്തിയത് 2025 ഫെബ്രുവരിയിലായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര നികുതി തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോഴും ട്രംപ് പ്രധാനമന്ത്രി മോദിയെ തന്റെ ‘വലിയ സുഹൃത്ത്’ എന്ന് വിശേഷിപ്പിക്കുകയും 2030-ഓടെ യുഎസ്-ഇന്ത്യ വ്യാപാരം 500 ബില്യണ്‍ ഡോളറായി ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീണു. നോബല്‍ സമാധാന പുരസ്‌കാരം ലക്ഷ്യമിട്ട ട്രംപ്, ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ വെടിനിര്‍ത്തലിന്റെ പൂര്‍ണ്ണ അവകാശം ഏകപക്ഷീയമായി അവകാശപ്പെട്ടു. തന്റെ വ്യാപാര ഭീഷണികള്‍ കാരണമാണ് ഇരു ആണവായുധ രാജ്യങ്ങളും യുദ്ധത്തിലേക്ക് നീങ്ങാതെ പിന്മാറിയതെന്ന് ട്രംപ് പല വേദികളിലും പ്രസംഗിച്ചു.
പാകിസ്താന്‍ ട്രംപിന്റെ ഈ പ്രസ്താവനകളെ പുകഴ്ത്തിയപ്പോള്‍, ഇന്ത്യയും പ്രധാനമന്ത്രി മോദിയും ഇതിനെ ശക്തമായി എതിര്‍ക്കുകയും വെടിനിര്‍ത്തല്‍ പൂര്‍ണ്ണമായും ഇസ്ലാമാബാദുമായി നേരിട്ട് ഉണ്ടാക്കിയതാണെന്ന് വ്യക്തമാക്കുകയും ചെയ്തു.
ഇതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം ജൂണില്‍ കാനഡയില്‍ നടന്ന ജി7 ഉച്ചകോടിയുടെ വേളയില്‍ ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തേണ്ടതായിരുന്നു എങ്കിലും ട്രംപ് ഉച്ചകോടിയില്‍ നിന്നും പെട്ടെന്ന് മടങ്ങിയതിനാല്‍ അത് റദ്ദാക്കി. കാനഡയില്‍ നിന്നും മടങ്ങുന്ന വഴി വാഷിംഗ്ടണ്‍ സന്ദര്‍ശിക്കാന്‍ ട്രംപ് മോദിയെ ക്ഷണിച്ചെങ്കിലും മുന്‍കൂട്ടി നിശ്ചയിച്ച ക്രൊയേഷ്യന്‍ സന്ദര്‍ശനം ഉള്ളതിനാല്‍ ഇന്ത്യ ആ ക്ഷണം നിരസിക്കുകയായിരുന്നു.
Modi-Trump crucial meeting likely next month















