നെടുമങ്ങാട് ഒന്നര വയസുകാരന്റെ മരണം കൊലപാതകം; അമ്മയും പങ്കാളിയും കസ്റ്റഡിയിൽ

നെടുമങ്ങാട് ഒന്നര വയസുകാരന്റെ മരണം കൊലപാതകം; അമ്മയും പങ്കാളിയും കസ്റ്റഡിയിൽ

തിരുവനന്തപുരം : നെടുമങ്ങാട് ഒന്നര വയസുകാരൻ മരിച്ച സംഭവം ക്രൂരമായ കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. കുട്ടിയുടെ അമ്മ അഖിലയും ഇവരുടെ പങ്കാളിയായ അഷ്കറും നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. അഷ്കർ കുഞ്ഞിനെ സ്ഥിരമായി മർദിക്കാറുണ്ടായിരുന്നുവെന്നും, ഇത്തരത്തിലേറ്റ കടുത്ത മർദനം മൂലമുണ്ടായ ആന്തരിക രക്തസ്രാവമാണ് കുഞ്ഞിന്റെ ദാരുണമായ മരണത്തിലേക്ക് നയിച്ചതെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായി.

തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്നായിരുന്നു പ്രതിയായ അഷ്കർ ആദ്യം പോലീസിനോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. ഈ വ്യാജവിവരം ധരിപ്പിച്ച് ഇന്നലെ അഷ്കർ കുഞ്ഞിനെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. തുടർന്ന് പോലീസ് നടത്തിയ ഇൻക്വസ്റ്റ് പരിശോധനയിലാണ് കുഞ്ഞിന്റെ ശരീരത്തിൽ മർദനമേറ്റതിന്റെ വ്യക്തമായ പാടുകൾ കണ്ടെത്തിയത്. ഇതോടെയാണ് പ്രതികളുടെ കള്ളത്തരം പൊളിഞ്ഞതും കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതും.

അഷ്കർ കുഞ്ഞിനെ നിരന്തരം ക്രൂരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കുഞ്ഞിന്റെ മൃതദേഹത്തിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചതിന് സമാനമായ പാടുകൾ ഉണ്ടായിരുന്നുവെന്ന് അഖിലയുടെ ആദ്യ ഭർത്താവിന്റെ പിതാവ് സുനിൽകുമാർ വെളിപ്പെടുത്തി. സംഭവത്തിൽ നേരത്തെ തന്നെ മുത്തച്ഛൻ ദുരൂഹത ആരോപിച്ചിരുന്നു. കസ്റ്റഡിയിലുള്ള പ്രതികളെ പോലീസ് നിലവിൽ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Share Email
LATEST excelnclexrn
More Articles
Top