സതീശൻ മന്ത്രിസഭയിലെ ലീഗ് മന്ത്രിമാരെ പ്രഖ്യാപിച്ചു, വിമർശനം കനത്തതോടെ പികെ ബഷീറിനും മന്ത്രി സ്ഥാനം

സതീശൻ മന്ത്രിസഭയിലെ ലീഗ് മന്ത്രിമാരെ പ്രഖ്യാപിച്ചു, വിമർശനം കനത്തതോടെ പികെ ബഷീറിനും മന്ത്രി സ്ഥാനം

വി.ഡി. സതീശൻ മന്ത്രിസഭയിലെ മുസ്ലീം ലീഗ് മന്ത്രിമാരുടെ പേരുകളിൽ അന്തിമ തീരുമാനമായി. പാർട്ടിക്കുള്ളിലും പുറത്തും വിമർശനം ശക്തമായതിനെ തുടർന്ന് മുതിർന്ന നേതാവ് പി.കെ. ബഷീറിനെക്കൂടി ലീഗ് മന്ത്രിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, പി.കെ. ബഷീർ, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരാണ് പുതിയ മന്ത്രിസഭയിൽ മുസ്ലീം ലീഗിനെ പ്രതിനിധീകരിക്കുക.

മലപ്പുറം മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയും മുതിർന്ന നേതാവുമായ പി.കെ. കുഞ്ഞാലിക്കുട്ടി തന്നെയാകും ലീഗിനെ നയിക്കുക. വ്യവസായം, ഐടി തുടങ്ങിയ സുപ്രധാന വകുപ്പുകളായിരിക്കും അദ്ദേഹം കൈകാര്യം ചെയ്യുക. വേങ്ങരയിൽ നിന്ന് വിജയിച്ച് മൂന്നാം തവണ നിയമസഭയിലെത്തുന്ന യൂത്ത് ലീഗ് മുൻ അധ്യക്ഷൻ കെ.എം. ഷാജിയും മന്ത്രിസ്ഥാനത്തേക്ക് എത്തും. മുൻപ് അഴീക്കോട് മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്.

മണ്ണാർക്കാട് മണ്ഡലത്തിൽ നിന്ന് തുടർച്ചയായി നാലാം തവണയും നിയമസഭയിലെത്തുന്ന എൻ. ഷംസുദ്ദീന് ഇത് ആദ്യ മന്ത്രിസ്ഥാനമാണ്. വിമർശനങ്ങൾക്കൊടുവിൽ പട്ടികയിൽ ഇടംപിടിച്ച ഏറനാട് എംഎൽഎ പി.കെ. ബഷീറും നാലാം തവണയാണ് സഭയിലെത്തുന്നത്. ലീഗിന്റെ അന്തരിച്ച മുതിർന്ന നേതാവ് സീതി ഹാജിയുടെ മകനാണ് ഇദ്ദേഹം.

കളമശ്ശേരിയിൽ നിന്ന് മുൻ മന്ത്രി പി. രാജീവിനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തിയ വി.ഇ. അബ്ദുൾ ഗഫൂറാണ് പട്ടികയിലെ പുതുമുഖം. മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മകനായ അബ്ദുൾ ഗഫൂർ എംഎസ്എഫ്, യൂത്ത് ലീഗ് പ്രവർത്തനങ്ങളിലൂടെയാണ് സജീവ രാഷ്ട്രീയത്തിലെത്തിയത്. മുൻ ക്രിക്കറ്റ് താരം കൂടിയായ അദ്ദേഹത്തിന്റെ മന്ത്രിസഭാ പ്രവേശം യുവപ്രാതിനിധ്യം ഉറപ്പാക്കുന്നതാണ്.

Muslim League Finalizes Ministers for Satheesan Cabinet; P.K. Basheer Inducted Following Criticisms

Share Email
LATEST excelnclexrn
Top