ടെൽ അവീവ്: അമേരിക്കയും ഇറാനും തമ്മിൽ രൂപംകൊള്ളുന്ന സമാധാന കരാറിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതിനെ തുടർന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സുരക്ഷാ കാബിനറ്റ് യോഗം വിളിച്ചു. യുഎസിന്റെ ഈ നീക്കം “തികച്ചും മോശം ആശയം” ആണെന്നാണ് ഇസ്രായേൽ ഉദ്യോഗസ്ഥർ സ്വകാര്യ ചർച്ചകളിൽ വിലയിരുത്തുന്നതെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പരസ്യമായി വിമർശിക്കുന്നത് നെതന്യാഹു ഒഴിവാക്കുന്നുണ്ടെങ്കിലും, വാഷിംഗ്ടണിന്റെ തീരുമാനങ്ങളിലും ഇറാനുമായുള്ള ചർച്ചകളിലും തനിക്ക് പരിമിതമായ സ്വാധീനമേ ഉള്ളുവെന്ന് അദ്ദേഹം സ്വകാര്യ സംഭാഷണങ്ങളിൽ സമ്മതിച്ചതായി രണ്ട് ഇസ്രായേൽ വൃത്തങ്ങൾ സിഎൻഎന്നിനോട് വെളിപ്പെടുത്തി. നിലവിലെ കരാർ രൂപരേഖ പ്രകാരം ഇറാന്റെ ആണവ പദ്ധതിയെയും അവരുടെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരത്തെയും കുറിച്ചുള്ള ഇസ്രായേലിന്റെ പ്രധാന ആശങ്കകൾക്ക് യാതൊരു വ്യക്തമായ പരിഹാരവും കാണുന്നില്ലെന്നാണ് ഇസ്രായേൽ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
അതേസമയം, ലെബനനിലെ വെടിനിർത്തൽ ശക്തമാക്കാൻ ഇറാൻ സമ്മർദ്ദം ചെലുത്തുന്നതിനിടയിലും, ഇസ്രായേൽ സൈന്യത്തിനും വടക്കൻ അതിർത്തി ഗ്രാമങ്ങൾക്കും നേരെയുള്ള ഹിസ്ബുള്ളയുടെ ഡ്രോൺ, യുഎവി ആക്രമണങ്ങൾ ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇത് നെതന്യാഹുവിനെ ആഭ്യന്തര രാഷ്ട്രീയ സമ്മർദ്ദത്തിലാക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിമർശനങ്ങൾ ശക്തമായ സാഹചര്യത്തിൽ തിങ്കളാഴ്ച നെതന്യാഹു വീഡിയോ സന്ദേശവും പുറത്തിറക്കിയിരുന്നു. ഹിസ്ബുള്ളയുടെ ശക്തമായ ഡ്രോൺ ആക്രമണങ്ങൾക്ക് മറുപടിയായി ലെബനനിൽ ഇസ്രായേൽ സൈനിക നടപടി കൂടുതൽ കടുപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
“തിരിച്ചടികളുടെ ആഘാതവും തീവ്രതയും കൂടുതൽ വർധിപ്പിക്കണം. അവരെ നിർണായകമായി തകർക്കും,” എന്ന് നെതന്യാഹു വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. അമേരിക്കയുടെ നേതൃത്വത്തിൽ ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോഴും അതിർത്തിയിൽ സൈനിക നിലപാട് ദുർബലപ്പെടുത്തില്ലെന്ന സന്ദേശമാണ് ഇതിലൂടെ ഇസ്രായേൽ നൽകുന്നതെന്നാണ് വിലയിരുത്തൽ.















