തമിഴ്‌നാട് രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങളുമായി ടി.ടി.വി. ദിനകരൻ രാജ്ഭവനിലെത്തി. എടപ്പാടി പളനിസാമിയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഗവർണർക്ക് കത്ത് നൽകി. വിജയ്‍യുടെ പക്കൽ ഭൂരിപക്ഷമില്ലെന്നും ടിവികെ വ്യാജ പിന്തുണക്കത്തുകളാണ് ഹാജരാക്കിയതെന്നും ദിനകരൻ ആരോപിച്ചു. തന്റെ പാർട്ടിയുടെ ഏക എം.എൽ.എയുടെ പിന്തുണയടക്കം രേഖപ്പെടുത്തിയ കത്താണ് കൈമാറിയത്.
രണ്ടാമതൊരു അവകാശവാദം കൂടി വന്നതോടെ വിജയ്‍യുടെ നാളത്തെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിലായി. നടപടിക്രമങ്ങൾ മെയ് 10 വരെ നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ വ്യക്തത വരുത്താതെ സർക്കാർ രൂപീകരണത്തിന് അനുമതി നൽകില്ലെന്ന നിലപാടിലാണ് ഗവർണർ. ഇതോടെ തമിഴ്‌നാട് ഭരണസിരാകേന്ദ്രം അതീവ നിർണ്ണായകമായ രാഷ്ട്രീയ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ്.















