ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ വസ്തുക്കൾ നഷ്ടപ്പെട്ടെന്ന എഡിജിപിയുടെ റിപ്പോർട്ട് പൂർണ്ണമായും തെറ്റാണെന്ന് ക്ഷേത്ര ഭരണസമിതി. റിപ്പോർട്ടിൽ കാണാനില്ലെന്ന് പരാമർശിച്ച വൈര നാമവും വിളക്കും ശ്രീകോവിലിനുള്ളിൽ ഭദ്രമാണെന്നും സ്വർണ്ണ നാണയങ്ങളുടെയും കട്ടകളുടെയും കൃത്യമായ കണക്കുകൾ ക്ഷേത്രത്തിലുണ്ടെന്നും ഭരണസമിതി വാർത്താക്കുറിപ്പിൽ അറിയിച്ചു. വസ്തുതകൾ പരിശോധിക്കാതെ തെറ്റായ റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് സർക്കാർ ആവശ്യപ്പെടാൻ മെയ് 29-ന് ചേർന്ന യോഗം തീരുമാനിച്ചു.
ചെമ്പകത്തിൻമൂട് നട വഴിയുള്ള പ്രവേശനം ക്ഷേത്ര സ്ഥാനിക്കും രാജകുടുംബാംഗങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ളതാണെന്ന് ഭരണസമിതി വ്യക്തമാക്കി. ചില വ്യക്തികൾ യാതൊരുവിധ സുരക്ഷാ പരിശോധനയുമില്ലാതെ ഈ വഴി വന്ന് പോകുന്നുവെന്ന പോലീസിന്റെ വാദം അടിസ്ഥാനരഹിതമാണ്. ഭക്തരും ജീവനക്കാരും അതിഥികളും അടക്കമുള്ള മറ്റെല്ലാവരും കേരള പോലീസിന്റെ കർശനമായ സുരക്ഷാ പരിശോധനകൾക്ക് വിധേയമായി മാത്രമാണ് ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കുന്നതെന്നും ഭരണസമിതി വിശദീകരിച്ചു.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നടത്തിയ വിശദമായ പരിശോധനയിലാണ് പോലീസിന്റെ കണ്ടെത്തലുകൾ വസ്തുതാവിരുദ്ധമാണെന്ന് തെളിഞ്ഞത്. വൈര നാമവും വിളക്കും സുരക്ഷിതമാണെന്ന് ഭരണസമിതി അംഗങ്ങൾ നേരിട്ട് കണ്ട് ബോധ്യപ്പെട്ടിട്ടുണ്ട്. ക്ഷേത്ര ഭരണസംവിധാനത്തിന്റെ വിശ്വാസ്യതയ്ക്കും സൽപ്പേരിനും കളങ്കം സൃഷ്ടിക്കാൻ ബോധപൂർവ്വം ശ്രമിച്ച ഉദ്യോഗസ്ഥർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് ഭരണസമിതിയുടെ പ്രധാന ആവശ്യം.















