പശ്ചിമേഷ്യയിൽ സമാധാനം പുലരുന്നു, ഇറാനെതിരായ ആക്രമണം ഘട്ടം ഘട്ടമായി അവസാനിപ്പിക്കാമെന്ന് ട്രംപിന്‍റെ പ്രഖ്യാപനം

പശ്ചിമേഷ്യയിൽ സമാധാനം പുലരുന്നു, ഇറാനെതിരായ ആക്രമണം ഘട്ടം ഘട്ടമായി അവസാനിപ്പിക്കാമെന്ന് ട്രംപിന്‍റെ പ്രഖ്യാപനം
Share Email

ഇറാനുമായുള്ള യുദ്ധസാഹചര്യം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി നിർണ്ണായകമായ വെടിനിർത്തൽ പ്രഖ്യാപനങ്ങളുമായി അമേരിക്ക. സമാധാന ചർച്ചകൾക്ക് വഴിതുറക്കുന്നതിനായി ഹോർമുസ് കടലിടുക്കിലെ കപ്പലുകൾക്ക് സംരക്ഷണം നൽകുന്ന ‘പ്രോജക്ട് ഫ്രീഡം’ താൽക്കാലികമായി നിർത്തിവെക്കുന്നതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാനുമായുള്ള അന്തിമ കരാറിൽ വലിയ പുരോഗതി ഉണ്ടായതായും ട്രൂത്ത് സോഷ്യലിലൂടെ അദ്ദേഹം വ്യക്തമാക്കി. ചർച്ചകൾക്ക് കൂടുതൽ സമയം നൽകുന്നതിനും മേഖലയിലെ സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിനുമാണ് കപ്പലുകൾക്ക് അകമ്പടി സേവിക്കുന്ന ദൗത്യം നിർത്തിവെക്കാൻ ട്രംപ് തീരുമാനിച്ചത്.

ഇറാനിലെ ആണവ, സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഫെബ്രുവരിയിൽ ആരംഭിച്ച ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്ന ആക്രമണ പരമ്പര പൂർത്തിയായതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. ആക്രമണങ്ങൾ ലക്ഷ്യം കണ്ടുവെന്നും ഇനി പുതിയ സൈനിക നടപടികൾ ഉണ്ടാകില്ലെന്നുമാണ് അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഔദ്യോഗിക നിലപാട്.

ഇറാൻ പ്രതിനിധികളുമായി ഒരു സമ്പൂർണ്ണ കരാറിലെത്താൻ വൈറ്റ് ഹൗസിന് ഉടൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പാകിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഈ സമാധാന ചർച്ചകളിൽ മധ്യസ്ഥത വഹിക്കുന്നുണ്ട്. യുഎസ് കോൺഗ്രസിൽ യുദ്ധാനുമതി സംബന്ധിച്ച തർക്കങ്ങൾ നിലനിൽക്കുന്നതിനിടെയാണ് നയതന്ത്ര നീക്കങ്ങളിലൂടെ പ്രശ്നപരിഹാരം കാണാൻ അമേരിക്ക തയ്യാറാകുന്നത് എന്നത് ശ്രദ്ധേയമാണ്. എന്നാൽ ഇറാന്റെ ആണവ പദ്ധതികൾ പൂർണ്ണമായും നിർത്തലാക്കാതെ ഉപരോധങ്ങൾ നീക്കില്ലെന്ന നിബന്ധനയിൽ യുഎസ് ഉറച്ചുനിൽക്കുകയാണ്.

Share Email
LATEST excelnclexrn
Top