ആസൂത്രിതമായി വെട്ടിനിരത്തി കെസി പക്ഷം; സതീശൻ മന്ത്രിസഭയിൽ അപ്രമാദിത്വം ഉറപ്പിച്ച് കെസി അനുകൂലികൾ, സതീശനും ചെന്നിത്തലയ്ക്കും തിരിച്ചടി

ആസൂത്രിതമായി വെട്ടിനിരത്തി കെസി പക്ഷം; സതീശൻ മന്ത്രിസഭയിൽ അപ്രമാദിത്വം ഉറപ്പിച്ച് കെസി അനുകൂലികൾ, സതീശനും ചെന്നിത്തലയ്ക്കും തിരിച്ചടി

തിരുവനന്തപുരം: വി ഡി സതീശന്‍റെ മന്ത്രിസഭയില്‍ കെ സി വേണുഗോപാല്‍ പക്ഷം ശക്തമായ സ്വാധീനം ഉറപ്പിച്ചു. മുഖ്യമന്ത്രി സ്ഥാനം നഷ്ടമായെങ്കിലും തനിക്കൊപ്പമുള്ള നേതാക്കള്‍ക്ക് വിഡിഎസ് മന്ത്രിസഭയില്‍ നിര്‍ണായക വകുപ്പുകള്‍ ഉറപ്പാക്കുന്നതില്‍ കെസി വിജയം കണ്ടുവെന്നാണ് വിലയിരുത്തല്‍. ഗവര്‍ണറെ കാണാന്‍ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ പുറപ്പെടുന്നതിന് തൊട്ടുമുമ്പ് വരെയും മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ അതീവ നിര്‍ണായക വഴിത്തിരിവുകളിലൂടെ നീങ്ങി. ആദ്യഘട്ട പട്ടികയില്‍ ഉണ്ടായിരുന്ന ചാണ്ടി ഉമ്മന്‍ ഉള്‍പ്പെടെ ചിലര്‍ പുറത്തായപ്പോള്‍, ഒ ജെ ജനീഷ്, റോജി എം ജോണ്‍ എന്നിവര്‍ അവസാന നിമിഷം മന്ത്രിസ്ഥാനം ഉറപ്പിച്ചു.

എഐസിസിയുടെ പിന്തുണയോടെ ടി സിദ്ദിഖും അവസാനഘട്ടത്തില്‍ മന്ത്രിസ്ഥാനം സ്വന്തമാക്കി. സണ്ണി ജോസഫ്, എ പി അനില്‍കുമാര്‍, റോജി എം ജോണ്‍, ഒ ജെ ജനീഷ്, വിഷ്ണുനാഥ്, തുളസി എന്നിവരുള്‍പ്പെടെ കെസി പക്ഷത്തുനിന്നുള്ളവര്‍ക്കാണ് കൂടുതല്‍ പ്രാതിനിധ്യം ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. വി ഡി സതീശനും രമേശ് ചെന്നിത്തലയും മുന്നോട്ടുവച്ച ചില പേരുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടു. ഷാനിമോളെയും വി ടി ബല്‍റാമിനെയും തന്ത്രപരമായ നീക്കത്തിലൂടെയാണ് കെസി പക്ഷം മറികടന്നതെന്നാണ് വിലയിരുത്തല്‍. തുളസിയെ മുന്നിലെത്തിച്ച നീക്കം അതില്‍ നിര്‍ണായകമായി.

പാലക്കാട് ജില്ലയില്‍നിന്നുള്ള പ്രാതിനിധ്യവും വനിതാ പ്രാതിനിധ്യവും തുളസിക്ക് അനുകൂലമായി. ഇതോടെ ഷാനിമോളുടെ സാധ്യതകള്‍ കുറഞ്ഞു. ഷാനിമോളിനായി വി ഡി സതീശനും അന്‍വര്‍ സാദത്തിനായി രമേശ് ചെന്നിത്തലയും അവസാനവരെ ശ്രമിച്ചെങ്കിലും, എഐസിസിയുടെ പിന്തുണയോടെ ടി സിദ്ദിഖ് മന്ത്രിസ്ഥാനം ഉറപ്പിച്ചു. വകുപ്പുകള്‍ സംബന്ധിച്ച അന്തിമ ധാരണയായെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വി ഡി സതീശന്‍ ഇതുവരെ നടത്തിയിട്ടില്ല.

Share Email
Top