കേരളത്തിലെ മുഖ്യമന്ത്രി പദത്തെ ചൊല്ലി കോൺഗ്രസിനുള്ളിൽ ഉടലെടുത്ത തർക്കങ്ങൾ തെരുവിലേക്ക് പടർന്നതിൽ നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ കടുത്ത വിമർശനം. എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ നടന്ന നിർണ്ണായക ചർച്ചയിലാണ് കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരോട് രാഹുൽ ഗാന്ധി അതൃപ്തി പ്രകടിപ്പിച്ചത്. നിലവിലെ കലുഷിതമായ അന്തരീക്ഷത്തിൽ മുഖ്യമന്ത്രി പ്രഖ്യാപനം നടത്താൻ കഴിയില്ലെന്നും പാർട്ടിക്കുള്ളിലെ ശക്തിപ്രകടനങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും ഹൈക്കമാൻഡ് കർശന നിർദ്ദേശം നൽകി.
രാഹുൽ ഗാന്ധിയുടെ ഇടപെടലിന് പിന്നാലെ, ഒന്നിച്ച് വാർത്താസമ്മേളനം നടത്തിയ നേതാക്കൾ തെരുവിലെ പ്രതിഷേധങ്ങൾ അവസാനിപ്പിക്കാൻ പ്രവർത്തകരോട് ആവശ്യപ്പെട്ടു. പാർട്ടിയിൽ വിഭാഗീയതയുണ്ടെന്ന തോന്നൽ ജനങ്ങൾക്കിടയിൽ ഉണ്ടാക്കാൻ ഇത്തരം പ്രകടനങ്ങൾ കാരണമാകുമെന്ന് നേതാക്കൾ പറഞ്ഞു. ആർക്കും വേണ്ടി ഒരു തരത്തിലുള്ള ശക്തിപ്രകടനങ്ങളും പാടില്ലെന്നും നേതാക്കളെ ഇഷ്ടപ്പെടുന്നത് മറ്റുള്ളവരെ അപമാനിക്കുന്ന തരത്തിലാകരുത് എന്നും ഇവർ ഓർമ്മിപ്പിച്ചു. വ്യക്തികളേക്കാൾ പാർട്ടിയാണ് വലുതെന്ന ബോധം പ്രവർത്തകർക്കുണ്ടാകണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നേതാക്കൾക്കായി ഉയർത്തിയിട്ടുള്ള ഫ്ലക്സുകളും ബോർഡുകളും ഇന്ന് തന്നെ നീക്കം ചെയ്യണമെന്ന് പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജനങ്ങൾക്ക് മുൻപിൽ പാർട്ടിക്ക് മോശമായ ചിത്രം ഉണ്ടാക്കിയ സംഭവങ്ങൾ ഇന്നത്തോടുകൂടി അവസാനിക്കണമെന്നാണ് നേതാക്കളുടെ സംയുക്ത നിലപാട്. പ്രതിഷേധങ്ങൾ അവസാനിക്കുന്നത് നിരീക്ഷിച്ച ശേഷം മാത്രമായിരിക്കും മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനം എടുക്കുക.














