ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളിയെ വെറുതെവിട്ടു; പരാതിക്കാരി ഉൾപ്പെടെ നാല് സാക്ഷികൾ കൂറുമാറിയത് രക്ഷയായി

ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളിയെ വെറുതെവിട്ടു; പരാതിക്കാരി ഉൾപ്പെടെ നാല് സാക്ഷികൾ കൂറുമാറിയത് രക്ഷയായി

ബലാത്സംഗക്കേസിൽ പെരുമ്പാവൂർ മുൻ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ കോടതി വെറുതെവിട്ടു. നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് കേസിൽ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. വിചാരണ വേളയിൽ പരാതിക്കാരിയായ യുവതി ഉൾപ്പെടെ കേസിലെ നാല് പ്രധാന സാക്ഷികൾ കൂറുമാറിയതാണ് എൽദോസിന് അനുകൂലമായ വിധിക്ക് കാരണമായത്. എൽദോസ് കുന്നപ്പിള്ളി തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് പരാതിക്കാരി കോടതിയിൽ മൊഴി മാറ്റിയതോടെ കേസിൽ ഇന്നലെ വലിയ വഴിത്തിരിവുണ്ടായിരുന്നു.

തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് എൽദോസ് കുന്നപ്പിള്ളിക്കെതിരെയുള്ള കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നത്. ബലാത്സംഗം, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് മുൻ എംഎൽഎയ്ക്കെതിരെ ചുമത്തിയിരുന്നത്. പരാതിക്കാരിയായ യുവതിയെ പ്രതി ഒന്നിലേറെ തവണ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ബലാത്സംഗം ചെയ്തുവെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നത്. എന്നാൽ കോടതിയിൽ വിചാരണ ഘട്ടത്തിലേക്ക് കടന്നപ്പോൾ പ്രോസിക്യൂഷൻ വാദങ്ങളെ അപ്പാടെ തള്ളുന്ന നിലപാടാണ് സാക്ഷികൾ സ്വീകരിച്ചത്.

എൽദോസ് കുന്നപ്പിള്ളിയെ കൂടാതെ അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കളും ഈ കേസിൽ പ്രതികളായിരുന്നു. യുവതി നൽകിയ പരാതി പിൻവലിപ്പിക്കുന്നതിനായി ഭീഷണിപ്പെടുത്തുകയും ഒത്തുതീർപ്പിന് ശ്രമിക്കുകയും ചെയ്തു എന്നതായിരുന്നു ഇവർക്കെതിരെയുള്ള കുറ്റം. എന്നാൽ പ്രധാന സാക്ഷികളെല്ലാം മൊഴി മാറ്റിയതോടെ പ്രതികൾക്കെതിരെയുള്ള കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. തുടർന്നാണ് പ്രതികളെല്ലാവരെയും കുറ്റവിമുക്തരാക്കാൻ കോടതി ഉത്തരവിട്ടത്.

Share Email
LATEST excelnclexrn
More Articles
Top