കേരളത്തിൽ ഭരണം മാറിയതിന് പിന്നാലെ മന്ത്രിമാർക്കുള്ള ഔദ്യോഗിക വസതികൾ അനുവദിച്ചുകൊണ്ട് ഉത്തരവായി. പിണറായി വിജയൻ ഒഴിഞ്ഞ ക്ലിഫ് ഹൗസിലേക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ ഒരാഴ്ചയ്ക്കുള്ളിൽ താമസം മാറും. എന്നാൽ ക്ലിഫ് ഹൗസ് ഉൾപ്പെടെയുള്ള മന്ത്രിമന്ദിരങ്ങളിൽ ഭൂരിഭാഗവും നിലവിൽ പൊട്ടിപ്പൊളിഞ്ഞ നിലയിലാണെന്നും ഇവ താമസയോഗ്യമാക്കാൻ വലിയ തോതിൽ അറ്റകുറ്റപ്പണികൾ നടത്തേണ്ടതുണ്ടെന്നും വസതികൾ സന്ദർശിച്ച ചില മന്ത്രിമാർ ചൂണ്ടിക്കാട്ടി. ഭവനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി മാത്രം 3.96 കോടി രൂപയാണ് പൊതുഭരണ വകുപ്പും ടൂറിസം വകുപ്പും കണക്കാക്കിയിരിക്കുന്നത്.
പുതിയ സർക്കാർ ധൂർത്ത് ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഈ വൻ തുക പുതിയ വിവാദങ്ങൾക്ക് വഴിതുറന്നേക്കാം. എന്നാൽ കഴിഞ്ഞ ഇടതു സർക്കാരിന്റെ അവസാന കാലത്താണ് ഈ എസ്റ്റിമേറ്റ് തയ്യാറാക്കിയതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. മുൻ പിണറായി സർക്കാരിന്റെ കാലത്ത് ക്ലിഫ് ഹൗസിലെ അറ്റകുറ്റപ്പണികൾ വലിയ തോതിൽ രാഷ്ട്രീയ ആയുധമാക്കപ്പെട്ടിരുന്നു. അതേസമയം പൊതുഭരണ വകുപ്പിന്റെ കൈവശമുള്ള ഔദ്യോഗിക വസതികൾ പൂർണ്ണമായി തീർന്നതിനെ തുടർന്ന് മന്ത്രി അനൂപ് ജേക്കബിന് താൽക്കാലികമായി വാടക വീട് എടുത്തു നൽകാനാണ് സർക്കാർ തീരുമാനം.
മറ്റു മന്ത്രിമാരിൽ രമേശ് ചെന്നിത്തലയ്ക്ക് പമ്പാ ഹൗസും, സണ്ണി ജോസഫിന് അശോകയും, കെ. മുരളീധരന് സാനഡുവും ലഭിച്ചു. കന്റോൺമെന്റ് പരിസരത്തെ വസതികളായ കാവേരി, നിള, ഗ്രേസ്, ഗംഗ എന്നിവ യഥാക്രമം എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, ടി. സിദ്ധിഖ് എന്നിവർക്ക് കൈമാറി. വിദ്വേഷ പ്രചാരണങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും വശംവദനാകാതെ പലരും ഒഴിഞ്ഞുമാറിയ മൻമോഹൻ ബംഗ്ളാവാണ് ഒ.ജെ. ജനീഷ് തിരഞ്ഞെടുത്തത്. പി.കെ. കുഞ്ഞാലിക്കുട്ടി ലിൻഡ്‌ഹേഴ്സ്റ്റിലേക്കും ഷിബു ബേബി ജോൺ തന്റെ കുട്ടിക്കാലത്തെ വസതിയായ എസെൻഡനിലേക്കും മടങ്ങിയെത്തും. നിലവിൽ വാടകവീട്ടിൽ താമസിക്കുന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഔദ്യോഗിക ഓഫീസായി മുഖ്യമന്ത്രി ഒഴിഞ്ഞ കന്റോൺമെന്റ് ഹൗസ് മാറ്റിയേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.













