റവ. ഇ. ജെ. ജോസഫ്: അജപാലന ശുശ്രൂഷയിലെ ധന്യമായ 44 വര്‍ഷങ്ങള്‍

റവ. ഇ. ജെ. ജോസഫ്: അജപാലന ശുശ്രൂഷയിലെ ധന്യമായ 44 വര്‍ഷങ്ങള്‍

മെസ്‌കീറ്റ് (ഡാളസ്): മാര്‍ത്തോമ്മാ സഭയുടെ സീനിയര്‍ വൈദികന്‍ റവ. ഇ. ജെ. ജോസഫിന്റെ 44-ാമത് (മേയ് 15) പൗരോഹിത്യ ശുശ്രൂഷാ വാര്‍ഷികം ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ദേവാലയത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ആഘോഷിച്ചു. മേയ് 17 ഞായറാഴ്ച നടന്ന വിശുദ്ധ കുര്‍ബാന മധ്യേ ഇടവക ജനങ്ങളുടെ യും സഭാംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു ആദരിക്കല്‍ ചടങ്ങ്. ഇടവക വികാരി റവ. റെജിന്‍ രാജു സഭാംഗങ്ങള്‍ക്ക് വേണ്ടി റവ. ഇ. ജെ. ജോസഫിന് ആശംസകള്‍ നേര്‍ന്നു. ഇ. ജെ. ജോസഫ് അച്ചന്റെ ദീര്‍ഘനാളത്തെ മാതൃകാപരവും അത്ഭുതങ്ങള്‍ നിറഞ്ഞതുമായ സേവനങ്ങളെ റെജിന്‍ അച്ചന്‍ യോഗത്തില്‍ അനുസ്മരിച്ചു.

വിശുദ്ധ ബൈബിളിലെ പഴയനിയമ പ്രവാചകനായ ശമുവേല്‍ ജനങ്ങളോട് പറഞ്ഞതുപോലെ, ‘ഞാന്‍ ഇതാ നില്‍ക്കുന്നു; യഹോവയുടെ മുന്‍പാകെയും അവന്റെ അഭിഷിക്തന്റെ മുന്‍പാകെയും എന്നെക്കുറിച്ച് സാക്ഷ്യം പറയുവിന്‍’ (1 ശമുവേല്‍ 12:3). കഴിഞ്ഞ 44 വര്‍ഷത്തെ പൗരോഹിത്യ ശുശ്രൂഷയിലൂടെ ഇ. ജെ. ജോസഫ് അച്ചന്‍ ദൈവത്തിനും സമൂഹത്തിനും മുന്‍പില്‍ ഇതേ വിശ്വസ്തതയോടെയാണ് നിലകൊണ്ടത്.

ഇലന്തൂര്‍ സ്വദേശിയായ അച്ചന്റെ വിശ്വാസയാത്രയുടെ തുടക്കം സ്വന്തം ഇടവകയായ ഇലന്തൂര്‍ മാര്‍ത്തോമ്മാ വലിയപള്ളിയില്‍ നിന്നായിരുന്നു. കോട്ടയം മാര്‍ത്തോമ്മാ സെമിനാരിയിലെ ദൈവശാസ്ത്ര പഠനത്തിന് ശേഷം സഭയുടെ വിവിധ മേഖലകളില്‍ അദ്ദേഹം ആത്മീയ നേതൃത്വം നല്‍കി.

യേശുക്രിസ്തുവിന്റെ സുവിശേഷം എന്നത് വെറുമൊരു പ്രസംഗമല്ല, മറിച്ച് തകര്‍ന്ന ഹൃദയമുള്ളവരെ സൗഖ്യമാക്കുന്ന പ്രായോഗിക സ്‌നേഹമാണെന്ന് അച്ചന്‍ തന്റെ ജീവിതത്തിലൂടെ കാണിച്ചുതന്നു. ലൂക്കോസ് 4:18-ല്‍ യേശു പ്രഖ്യാപിച്ചതുപോലെ, ‘തടവുകാര്‍ക്ക് വിടുതലും അന്ധന്മാര്‍ക്ക് കാഴ്ചയും പ്രഖ്യാപിക്കാനും പീഡിതന്മാരെ വിടുവിക്കാനും’ ഉള്ള വലിയ ദൗത്യമാണ് അച്ചന്‍ ഏറ്റെടുത്തത്.

അച്ചന്റെ സമര്‍പ്പണം തിരിച്ചറിഞ്ഞ സഭ, ഉപരിപഠനത്തിനായി അദ്ദേഹത്തെ ഒഹായോയിലെ മെത്തഡിസ്റ്റ് തിയോളജിക്കല്‍ സെമിനാരിയിലേക്ക് അയച്ചു. അവിടെനിന്ന് ‘അഡിക്ഷന്‍ കൗണ്‍സിലിംഗില്‍’ (അററശരശേീി ഇീൗിലെഹശിഴ) പ്രത്യേക വൈദഗ്ധ്യം നേടിയ അച്ചന്‍, കേരളത്തില്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഒട്ടനവധി ജീവിതങ്ങളെ ക്രിസ്തുവിലേക്ക് വഴിനടത്തി.

മോചന ഡീ-അഡിക്ഷന്‍ സെന്ററിന്റെ ഡയറക്ടറായി 11 വര്‍ഷക്കാലം സേവനമനുഷ്ഠിച്ച് നൂറുകണക്കിന് കുടുംബങ്ങളില്‍ പ്രത്യാശയുടെ വെളിച്ചം പകരാന്‍ അച്ചന് സാധിച്ചു. തുടര്‍ന്ന് എറണാകുളം മാര്‍ത്തോമ്മാ ഗൈഡന്‍സ് സെന്ററിന്റെ ഡയറക്ടറായും, തുമ്പമണ്‍ ശ്രേയസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഡയറക്ടര്‍ പദവിയിലിരുന്നും സാമൂഹിക പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി.

ക്രിസ്തീയ ശുശ്രൂഷയില്‍ അച്ചന് എല്ലാവിധ പിന്തുണയുമായി കൊച്ചമ്മ മോളി ജോസഫ് ഒപ്പമുണ്ട്. ‘ഞാനും എന്റെ ഭവനവുമോ ഞങ്ങള്‍ യഹോവയെ സേവിക്കും’ (യോശുവ 24:15) എന്ന തിരുവചനത്തെ അന്വര്‍ത്ഥമാക്കുന്നതാണ് ഇവരുടെ കുടുംബജീവിതം.

ഇവര്‍ക്ക് രണ്ട് പുത്രന്മാരാണുള്ളത്. മൂത്തമകന്‍ ജെഹാസ് ജോസഫും കുടുംബവും ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയപ്പോള്‍, ഇളയമകന്‍ ജെഹോഷും കുടുംബവും ഡാളസിലെ ഗാര്‍ലന്‍ഡിലാണ് താമസം. ഡാളസിലെ സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ഇടവകയിലെ സജീവ അംഗങ്ങളാണ് ഇളയമകന്‍ ജെഹോഷും ഭാര്യ രേഷ്മയും. 44 വര്‍ഷത്തെ പൗരോഹിത്യ പൂര്‍ത്തീകരണത്തില്‍ റവ. ഇ. ജെ. ജോസഫിനും കുടുംബത്തിനും സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ഇടവകയുടെ എല്ലാവിധ പ്രാര്‍ത്ഥനകളും ആശംസകളും ഇടവകജനങ്ങള്‍ നേര്‍ന്നു.

അച്ചന്റെ അനുഭവസാക്ഷ്യം ശ്രവിക്കുന്നതിനായി താഴെ കാണുന്ന യൂട്യൂബ് ലിങ്ക് സന്ദര്‍ശിക്കുക: https://youtu.be/MFqq-LabGJI?si=Oe_Z02LW5qXIAskn

വാര്‍ത്ത: ബാബു പി. സൈമണ്‍, ഡാളസ്

Rev. E. J. Joseph: 44 Blessed Years in Pastoral Ministry

Share Email
Top