റിയാദ്: ഇറാനു നേരെ സൗദിയുടെ തിരിച്ചടി. ഇറാനുളളില്‍ സൗദി അതിശക്തമയാ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. തങ്ങളുടെ രാജ്യത്തിന് നേരെയുണ്ടായ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായാണ് സൗദി അറേബ്യ ഇറാന്‍ മണ്ണില്‍ നേരിട്ട് സൈനിക നടപടി സ്വീകരിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
മാര്‍ച്ചിലാണ് ഇത്തരത്തില്‍ അതീവ രഹസ്യമായി സൗദി ഇറാനു നേരെ ആക്രമണം നടത്തിയതെന്നു വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തില്‍ തകര്‍ക്കപ്പെട്ട കേന്ദ്രങ്ങള്‍ ഏതെന്നു വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ആക്രമണങ്ങളെക്കുറിച്ച് സൗദി അധികൃതര്‍ നേരിട്ട് സ്ഥിരീകരണം നല്‍കിയിട്ടില്ല. മേഖലയിലെ സംഘര്‍ഷങ്ങള്‍ കുറയ്ക്കാനും സ്ഥിരത നിലനിര്‍ത്താനുമാണ് രാജ്യം ആഗ്രഹിക്കുന്നതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. . സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനും സംയമനം പാലിക്കുന്നതിനുമുള്ള സൗദി അറേബ്യയുടെ സ്ഥിരമായ നിലപാട് വീണ്ടും വ്യക്തമാക്കുന്നതായി ‘ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഇറാന്‍ വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.ഫെബ്രുവരി 28-ന് ഇറാനിലെ യുഎസ്-ഇസ്രായേല്‍ ആക്രമണത്തോടെ തുടങ്ങിയ വലിയ പ്രാദേശിക സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് ഈ രഹസ്യ നീക്കങ്ങള്‍. യുദ്ധത്തിനിടയില്‍ ആറ് ജിസിസി (ഏഇഇ) രാജ്യങ്ങളിലെയും യുഎസ് സൈനിക താവളങ്ങള്‍, സിവില്‍ വിമാനത്താവളങ്ങള്‍, എണ്ണ ശുദ്ധീകരണ ശാലകള്‍ എന്നിവ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു.
കൂടാതെ ഹോര്‍മുസ് കടലിടുക്ക് അടച്ചുകൊണ്ട് ആഗോള വ്യാപാരം തടസ്സപ്പെടുത്തുകയും ചെയ്തു. ഇതിന് മറുപടിയായി കൃത്യമായ തിരിച്ചടി നല്‍കാനാണ് സൗദി അറേബ്യ തീരുമാനിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.സൗദിയുടെ ഈ നീക്കം അവരുടെ സുരക്ഷാ നയത്തിലെ വലിയ മാറ്റമായാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. പ്രതിരോധത്തിനായി പാരമ്പര്യമായി അമേരിക്കയെ ആശ്രയിച്ചിരുന്ന റിയാദ്, സ്വന്തം മണ്ണില്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍ ഉണ്ടായതോടെ കൂടുതല്‍ ശക്തമായ സൈനിക നിലപാടിലേക്ക് മാറിയതായി കരുതപ്പെടുന്നു.
Saudi Arabia’s retaliation against Iran: Report of a powerful airstrike in Iran















