അമേരിക്കൻ വിലക്കിലും കുലുങ്ങില്ല, ഉറച്ച പ്രഖ്യാപനവുമായി ചൈനീസ് കമ്പനി; ആഗോള ഇലക്ട്രിക് വാഹന വിപണിയിൽ ആധിപത്യം തുടരുമെന്ന് ബിവൈഡി

അമേരിക്കൻ വിലക്കിലും കുലുങ്ങില്ല, ഉറച്ച പ്രഖ്യാപനവുമായി ചൈനീസ് കമ്പനി; ആഗോള ഇലക്ട്രിക് വാഹന വിപണിയിൽ ആധിപത്യം തുടരുമെന്ന് ബിവൈഡി

ബെയ്ജിം​ഗ്: ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ബിവൈഡി (BYD), അമേരിക്കൻ വിപണിയിലെ വിലക്കുകൾക്കിടയിലും തങ്ങളുടെ ആഗോള ഒന്നാം സ്ഥാനം നിലനിർത്തുമെന്ന് പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ വിദേശ വിപണിയായ അമേരിക്കയിൽ നിന്ന് പുറത്താണെങ്കിലും ആധിപത്യം തുടരാൻ തങ്ങൾക്ക് സാധിക്കുമെന്ന് ബിവൈഡി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സ്റ്റെല്ല ലി പറഞ്ഞു. ബെയ്ജിംഗ് ഓട്ടോ ഷോയ്ക്കിടെ സിഎൻഎന്നിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അവർ കമ്പനിയുടെ നിലപാട് വ്യക്തമാക്കിയത്.

ദേശീയ സുരക്ഷാ കാരണങ്ങളും ചൈനീസ് സർക്കാർ ഇലക്ട്രിക് വാഹന മേഖലയ്ക്ക് നൽകുന്ന വൻതോതിലുള്ള പിന്തുണയും ചൂണ്ടിക്കാട്ടി ചൈനീസ് കാർ നിർമ്മാതാക്കൾക്ക് അമേരിക്കൻ വിപണിയിൽ വാഷിംഗ്ടൺ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തദ്ദേശീയ കാർ നിർമ്മാതാക്കളെ സംരക്ഷിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് ഈ നീക്കത്തിന് പിന്നിൽ. എന്നാൽ ഈ നിയന്ത്രണങ്ങൾക്കിടയിലും ചൈനീസ് കരുത്തിൽ ബിവൈഡി ലോകത്തെ നയിക്കുമെന്നാണ് സ്റ്റെല്ല ലി അവകാശപ്പെടുന്നത്.

അടുത്ത മാസം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ബെയ്ജിംഗിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ ഈ വിഷയങ്ങൾ ചർച്ചയാകുമെന്നാണ് കരുതപ്പെടുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പുതിയ വാണിജ്യ സാധ്യതകൾ തുറക്കുമെന്നും ഇത് ഇരുപക്ഷത്തിനും ഗുണകരമാകുമെന്നും സ്റ്റെല്ല ലി പ്രത്യാശ പ്രകടിപ്പിച്ചു. വിപണി തുറന്നു നൽകുന്നതിലൂടെ കൂടുതൽ വികസനം സാധ്യമാകുമെന്നും അവർ കൂട്ടിച്ചേർത്തു.

Share Email
LATEST excelnclexrn
More Articles
Top