നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ആകെ 79.70 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ അറിയിച്ചു. ഇതുവരെ 20,028 സർവീസ് വോട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും ഇന്ന് കൂടി ഇവ സ്വീകരിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. നാളെ രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം പോസ്റ്റൽ ബാലറ്റുകളും എട്ടരയോടെ വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണിത്തുടങ്ങും. കൃത്യമായ പരിശോധനകൾക്ക് ശേഷം മാത്രമേ ഓരോ ഘട്ടത്തിലും ഫലം പുറത്തുവിടുകയുള്ളൂ എന്നതിനാൽ പൂർണ്ണരൂപം അറിയാൻ വൈകീട്ട് അഞ്ച് മണിയാകും.
വോട്ടെണ്ണൽ പ്രക്രിയക്കായി 15,465 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. സുരക്ഷാ ചുമതലകൾക്കായി 32,301 പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. കൗണ്ടിംഗ് കേന്ദ്രങ്ങളിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിൽ ജില്ലാ ഭരണകൂടങ്ങൾക്ക് വിജയാഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്താം. ഉദ്യോഗസ്ഥർക്ക് ക്യുആർ കോഡ് ഉള്ള തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. സ്ട്രോങ്ങ് റൂം തുറക്കുന്നത് ചിത്രീകരിക്കുന്നതിന് മാധ്യമങ്ങൾക്ക് അനുമതി നൽകില്ലെന്നും അധികൃതർ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മെയ് 6 വരെ നിലവിലുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. വോട്ടെണ്ണൽ സമയത്ത് തെറ്റായ ഫലങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും. ഫലം അറിയാനുള്ള ആകാംക്ഷയിൽ ആരും തിരക്ക് കൂട്ടരുതെന്നും ഔദ്യോഗിക വിവരങ്ങൾക്കായി കാത്തിരിക്കണമെന്നും നിർദ്ദേശമുണ്ട്. സിആർപിഎഫ് ഉദ്യോഗസ്ഥരുടെ കർശന നിരീക്ഷണത്തിലായിരിക്കും വോട്ടെണ്ണൽ കേന്ദ്രങ്ങൾ പ്രവർത്തിക്കുക.















