അമേരിക്കയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കും; ട്രംപ്-ഷി ചർച്ചകളെ നിരീക്ഷിച്ച് തായ്‌വാൻ

അമേരിക്കയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കും; ട്രംപ്-ഷി ചർച്ചകളെ നിരീക്ഷിച്ച് തായ്‌വാൻ

തായ്‌പേയ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിൽ ബീജിംഗിൽ നടത്തിയ കൂടിക്കാഴ്ചയെ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്ന് തായ്‌വാൻ വ്യക്തമാക്കി. അമേരിക്കയുമായി തായ്‌വാൻ മികച്ച ആശയവിനിമയം നിലനിർത്തുന്നുണ്ടെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലുള്ളതാക്കുമെന്നും തായ്‌വാൻ വിദേശകാര്യ മന്ത്രി ലിൻ ചിയാ-ലുങ് പ്രസ്താവനയിൽ അറിയിച്ചു.

വിവിധ അമേരിക്കൻ ഭരണകൂടങ്ങൾ വർഷങ്ങളായി പിന്തുടരുന്ന തായ്‌വാൻ നയത്തിൽ മാറ്റമില്ലെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കിയത് ലിൻ ചിയാ-ലുങ് ചൂണ്ടിക്കാട്ടി. ബലപ്രയോഗത്തിലൂടെ നിലവിലുള്ള സ്ഥിതിഗതികളിൽ മാറ്റം വരുത്താനുള്ള നീക്കങ്ങളെ അമേരിക്ക എതിർക്കുന്നുണ്ട്. മേഖലയിലെ സമാധാനം തകർക്കുന്നത് അമേരിക്കയ്ക്കും ചൈനയ്ക്കും ലോകത്തിനും ദോഷകരമാണെന്ന് തായ്‌വാൻ ഓർമ്മിപ്പിച്ചു.

അന്താരാഷ്ട്ര സമൂഹം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണി ചൈനയാണെന്ന് വിദേശകാര്യ മന്ത്രി ആവർത്തിച്ചു. “അമേരിക്കയുമായും മറ്റ് ഇന്തോ-പസഫിക് രാജ്യങ്ങളുമായും സഹകരിച്ച് തായ്‌വാന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കും. തായ്‌വാൻ കടലിടുക്കിലെ സമാധാനവും സുസ്ഥിരതയും സംരക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്,” അദ്ദേഹം പറഞ്ഞു.അതേസമയം, തായ്‌വാൻ വിഷയത്തിൽ ചൈനയ്ക്ക് താൻ ഉറപ്പുകളൊന്നും നൽകിയിട്ടില്ലെന്ന് ട്രംപ് ആവർത്തിക്കുമ്പോഴും, അമേരിക്കയുടെ ഔദ്യോഗിക നിലപാടുകളിൽ അവ്യക്തതയുണ്ടോ എന്ന സംശയം നിലനിൽക്കുന്നുണ്ട്. വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ‘നയങ്ങളിൽ മാറ്റമില്ല’ എന്ന് ഉറപ്പിച്ചു പറയുമ്പോൾ, ട്രംപ് ‘തീരുമാനങ്ങൾ പിന്നീട്’ എന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിൽ അമേരിക്കയുമായുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കാനാണ് തായ്‌വാന്റെ തീരുമാനം.

Share Email
LATEST excelnclexrn
Top