തിരുവനന്തപുരം: ആരാണ് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‌ക്കെ മുഖ്യമന്ത്രി സ്ഥാനത്തിനു ഏറ്റവും കൂടുതല്‍ സാധ്യത കല്പിക്കുന്ന നിലവിലെ പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പറവൂരില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് യാത്ര തിരിച്ചു. തന്റെ വസതിയില്‍ നിന്നും സ്വകാര്യ വാഹനത്തിലാണ് സതീശന്‍ തിരുവനന്തപുരത്തേയ്ക്ക് യാത്ര തിരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നിനു നടക്കുന്ന നിയുക്ത കോണ്‍ഗ്രസ് എംഎല്‍എമാരുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാനായാണ സതീശന്‍ എത്തുന്നത്.
മുഖ്യമന്ത്രി പദവി പ്രതീക്ഷിച്ചു നില്ക്കുന്ന മറ്റൊരു മുതിര്‍ന്ന നേതാവായ രമേശ് ചെന്നിത്തല വഴുതക്കാട്ടെ വസതിയില്‍ ഉണ്ട്. മുഖ്യമന്ത്രി പദവി സംബന്ധിച്ച് ഇത്ര രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്ക് ഇടയായത് കെ.സി വേണുഗോപാലിന്റെ മുഖ്യന്ത്രി പദമോഹമായിരുന്നു. നിലവില്‍ കെ.സി വേണുഗോപാല്‍ ഡല്‍ഹിയിലാണ്. ഇന്ന് കേരളത്തില്‍ എത്തുമോ എന്ന കാര്യത്തില്‍ വ്യക്തത ഇതുവരെ വന്നിട്ടില്ല. മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുണ്ടായിരുന്ന വിഡി സതീശന്‍, കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരില്‍ ഒറ്റപ്പേരിലേക്ക് ഹൈക്കമാന്‍ഡ് എത്തിച്ചേര്‍ന്നു. ഇന്ന് തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ അടിയന്തര നിയമസഭാകക്ഷി യോഗത്തില്‍ എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ തീരുമാനം മുദ്ര വെച്ച കവറില്‍ എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി എത്തിക്കും.
നിയമസഭാകക്ഷി യോഗത്തില്‍ വെച്ചാകും പുതിയ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുകയെന്നാണ് വിവരം. ഉച്ചയ്ക്ക് ഒരു മണിക്കാണ് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുന്നത്.നിയുക്ത എംഎല്‍എമാരെല്ലാം യോഗത്തില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഒമ്പതുദിവസം നീണ്ട സുദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച് ഹൈക്കമാന്‍ഡ് ഒടുവില്‍ തീരുമാനത്തിലെ ത്തിച്ചേര്‍ന്നിട്ടുള്ളത്.മുഖ്യമന്ത്രി പദവി സംബന്ധിച്ച് ഹൈക്കമാന്‍ഡിന്റെ ഫോര്‍മുല മത്സരരംഗത്തുള്ള എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശന്‍, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരെ ബോധ്യപ്പെടുത്താനുള്ള നടപടി മാത്രമാണ് ബാക്കിയുള്ളത്.
ഘടകകക്ഷി എംഎല്‍എമാരോടും തിരുവനന്തപുരത്തേക്ക് എത്താന്‍ കോണ്‍ഗ്രസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടെ കേരള കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഇന്നത്തെ യോഗം തിരുവനന്തപുരത്തേക്ക് മാറ്റി. കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം കഴിഞ്ഞ് ഉച്ചയ്ക്ക് 2 മണിക്ക് യുഡിഎഫ് എംഎല്‍എമാരുടെ യോഗം നിശ്ചയിച്ചിട്ടുണ്ട്. തുടര്‍ന്ന് മുഖ്യമന്ത്രിയെ അംഗീകരിച്ച് കത്ത് കൈമാറും. ഈ പിന്തുണ സഹിതമാണ് മുഖ്യമന്ത്രി സര്‍ക്കാര്‍ രൂപവത്കരണത്തിനായി ഗവര്‍ണറെ കാണുക.
The capital is ready for the Chief Minister’s announcement: V.D. Satheesan to Thiruvananthapuram, Chennithala in Thiruvananthapuram, Venugopal in Delhi















