പറവൂര്‍: പതിനായിരങ്ങളുടെ പ്രാര്‍ഥനയുടെ സഫലീകരണമാണ് തന്റെ മുഖ്യമന്ത്രി സ്ഥാനമെന്നും തന്നെയോര്‍ത്ത് ജനങ്ങള്‍ക്ക് ഒരിക്കലും തലകുനിക്കേണ്ടി വരില്ലെന്നും മുഖ്യമന്ത്രി വി.ഡി സതീശന്‍. പറവൂരില്‍ പൗരാവലിയുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.അധികാരത്തിന്റെ പത്രാസിന് പിന്നാലെ പോകില്ല. ഓരോ നടപടിയും സാധാരണക്കാരന് വേണ്ടിയാകും. ഈ നാടിനെയും നിങ്ങളെയും ഒരിക്കലും മറക്കില്ല. കേരളത്തെ തുറുമുഖ നഗരമാക്കും. വെല്ലുവിളിയായതുകൊണ്ടാണ് ധനവകുപ്പ് ഏറ്റെടുത്തതെന്നും സതീശന്‍ പറഞ്ഞു. ശ്രീകുമാരന്‍ തമ്പി, നടന്‍മാരായ മോഹന്‍ലാല്‍, സലിംകുമാര്‍ തുടങ്ങിയവര്‍ ചടങ്ങിനെത്തിയിരുന്നു.
സത്യസന്ധതയും സുതാര്യതയുമാണ് മുഖ്യമന്ത്രി വിഡി സതീശന്റെ പ്രത്യേകതകളെന്ന് നടന്‍ മോഹന്‍ലാല്‍ പറഞ്ഞു. ഒരാളെ മുഖ്യമന്ത്രിയാക്കാനായി നാടൊന്നായി മുറവിളി കൂട്ടിയ അനുഭവം കേരള ചരിത്രത്തില്‍ തന്നെ വിരളമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘മനസില്‍ ചങ്ങാതിയുടെ സ്‌നേഹത്തോടെ ഇടംപിടിച്ച ആള്‍’, എന്ന് വിഡി സതീശനെ വിശേഷിപ്പിച്ചായിരുന്നു മോഹന്‍ലാല്‍ തന്റെ പ്രസംഗം ആരംഭിച്ചത്. ‘ഇരട്ടി മധുരമുള്ള ആഘോഷനിമിഷത്തിലാണ് എല്ലാവരും. ഒരു ദേശത്തിന്റെ പ്രിയപ്പെട്ട പുത്രന്‍ ഒരു നാടിന്റെ മുഖ്യനായി മാറിയ അനര്‍ഘനിമിഷം. ഞാനടക്കമുള്ള മലയാളികളുടെ പ്രതീക്ഷകളുടെ ഭാരം എത്രയുണ്ടെന്ന് സതീശന്‍ സാറിന് അറിയുന്നുണ്ടാവാം. അത്രമാത്രം പ്രതീക്ഷയോടെയാണ് അദ്ദേഹത്തെ കേരളം മുഖ്യമന്ത്രിയായി അവരോധിച്ചത്. ഒരാളെ മുഖ്യമന്ത്രിയാക്കാനായി നാടൊന്നായി മുറവിളി കൂട്ടിയ അനുഭവം കേരള ചരിത്രത്തില്‍ തന്നെ വിരളമായിരിക്കും. പറവൂരിന് മാത്രമല്ല, കേരളത്തിനാകെ ഈയൊരാളെ വേണമെന്ന് തോന്നാന്‍ കാരണമെന്താണ് എന്ന് ഞാന്‍ ആ ദിവസങ്ങളിലേറെ ആലോചിച്ചിട്ടുണ്ട്’, മോഹന്‍ലാല്‍ പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികള്‍ രാജാവാണെന്ന് സ്വയം കരുതിയാല്‍ അവിടെ ജനാധിപത്യം പരാജയപ്പെടുമെന്ന് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി പറഞ്ഞു. താന്‍ കേരളത്തിന്റെ രാജാവാണെന്നും ബാക്കി എല്ലാവരും പ്രജകളാണെന്നും വിചാരിക്കുന്ന ഒരാള്‍ മുഖ്യമന്ത്രിയായാല്‍ വളരേയേറെ ദുഃഖിക്കേണ്ടിവരും. രാഷ്ട്രീയത്തില്‍ നന്മ കുറഞ്ഞുകൊണ്ടിരിക്കുന്ന കാലമാണ്. ജനങ്ങള്‍ വോട്ടുചെയ്താണ് ഭരണാധികാരിയെ തെരഞ്ഞെടുക്കുന്നത്. നേതാവ് ഭരണാധികാരിയായിക്കഴിഞ്ഞാല്‍ അദ്ദേഹം രാജാവും തനിക്ക് വോട്ടുചെയ്യുന്നവര്‍ പ്രജകളുമാണെന്ന് വിചാരിച്ചാല്‍ അവിടെ ജനാധിപത്യം പരാജയപ്പെടും. വിഡി സതീശന്‍ അങ്ങനെ ഒരാളല്ല എന്നതുകൊണ്ടുമാത്രമാണ് താന്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നതെന്ന് ശ്രീകുമാരന്‍ തമ്പി വ്യക്തമാക്കി.
The Chief Minister’s post is the fulfillment of the prayers of tens of thousands: You will not have to bow your heads remembering me: V.D. Satheesan















