ഇറാൻ കരാറിന് പിന്നാലെ എല്ലാവരും ഇസ്രായേലിനെ അംഗീകരിക്കണം; മിഡിൽ ഈസ്റ്റ് രാജ്യങ്ങൾക്ക് മേൽ ‘നിർബന്ധിത’ വ്യവസ്ഥയുമായി ട്രംപ്

ഇറാൻ കരാറിന് പിന്നാലെ എല്ലാവരും ഇസ്രായേലിനെ അംഗീകരിക്കണം; മിഡിൽ ഈസ്റ്റ് രാജ്യങ്ങൾക്ക് മേൽ ‘നിർബന്ധിത’ വ്യവസ്ഥയുമായി ട്രംപ്

വാഷിംഗ്ടൺ: ഇറാനുമായുള്ള സമാധാന കരാർ പൂർത്തിയായാൽ മിഡിൽ ഈസ്റ്റിലെയും മറ്റ് മേഖലകളിലെയും രാജ്യങ്ങൾ നിർബന്ധമായും ഇസ്രായേലുമായുള്ള ‘അബ്രഹാം ഉടമ്പടിയിൽ’ ഒപ്പുവെക്കണമെന്ന കടുത്ത നിബന്ധനയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തിങ്കളാഴ്ച തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി പങ്കുവെച്ച ദൈർഘ്യമേറിയ കുറിപ്പിലാണ് ട്രംപ് നയതന്ത്ര ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഈ പ്രഖ്യാപനം നടത്തിയത്. കരാർ ലംഘിച്ചാൽ ചരിത്രത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധം ശക്തമായ സൈനിക ആക്രമണം നേരിടേണ്ടി വരുമെന്ന ഭീഷണിയും അദ്ദേഹം ആവർത്തിച്ചു.

“എല്ലാ രാജ്യങ്ങളും ഉടനടി അബ്രഹാം ഉടമ്പടിയിൽ ഒപ്പുവെക്കണമെന്ന് ഞാൻ നിർബന്ധപൂർവ്വം ആവശ്യപ്പെടുകയാണ്. അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ എന്നോടൊപ്പം ഇറാൻ ഈ സമാധാന കരാർ ഒപ്പുവെക്കുകയാണെങ്കിൽ, ലോകത്തിലെ ഈ സമാനതകളില്ലാത്ത സഖ്യത്തിന്റെ ഭാഗമാകാൻ അവരെയും സ്വാഗതം ചെയ്യുന്നത് ഒരു ബഹുമതിയായിരിക്കും,” ട്രംപ് വ്യക്തമാക്കി.

സൗദി അറേബ്യ, യുഎഇ, ഖത്തർ, പാകിസ്താൻ, തുർക്കി, ഈജിപ്ത്, ജോർദാൻ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലെ ഭരണത്തലവന്മാരുമായി നടത്തിയ അടിയന്തിര ഫോൺ ചർച്ചകളിൽ താൻ ഈ വിഷയം ഉന്നയിച്ചിട്ടുണ്ടെന്ന് ട്രംപ് വെളിപ്പെടുത്തി. പശ്ചിമേഷ്യയിൽ സമാധാനം കൊണ്ടുവരുന്നതിനായി അമേരിക്ക വലിയ തോതിലുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അതിനാൽ ഇസ്രായേലും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്ന അബ്രഹാം ഉടമ്പടിയുടെ ഭാഗമാകാൻ മേഖലയിലെ എല്ലാ രാജ്യങ്ങളും ബാധ്യസ്ഥരാണെന്ന് ട്രംപ് വാദിക്കുന്നു.

ഇറാനുമായുള്ള ചർച്ചകൾ നിലവിൽ വളരെ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് വ്യക്തമാക്കിയ ട്രംപ്, എന്നാൽ കടുത്ത മുന്നറിയിപ്പ് നൽകാനും മറന്നില്ല. “ഇറാനുമായുള്ള ചർച്ചകൾ ഭംഗിയായി പുരോഗമിക്കുന്നു. എന്നാൽ ഇത് എല്ലാവർക്കും ഗുണകരമായ ഒരു മികച്ച കരാർ ആയിരിക്കണം, അല്ലെങ്കിൽ പിന്നെ ഒരു കരാറും ഉണ്ടാകില്ല. അങ്ങനെവന്നാൽ നമ്മൾ വീണ്ടും യുദ്ധമുഖത്തേക്ക് മടങ്ങും, വെടിവെയ്പ്പ് ആരംഭിക്കും; പക്ഷേ അത് മുൻപത്തേക്കാൾ വളരെ വലുതും ശക്തവുമായിരിക്കും,” ട്രംപ് കുറിച്ചു. ഒരു വശത്ത് സമാധാന ചർച്ചകൾ നടത്തുമ്പോഴും, മറുവശത്ത് ഇസ്രായേലിനെ അംഗീകരിക്കാൻ അറബ് ലോകത്തിന് മേൽ കടുത്ത സമ്മർദ്ദം ചെലുത്തുന്ന ട്രംപിന്റെ ഈ തന്ത്രം മിഡിൽ ഈസ്റ്റിൽ പുതിയ രാഷ്ട്രീയ ചലനങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്.

Share Email
LATEST excelnclexrn
Top