ഹോർമുസിൽ ടോൾ അനുവദിക്കില്ലെന്ന് ഉറപ്പിച്ച് ട്രംപ്, യുഎസ് ഉപരോധം 100 ശതമാനം വിജയമെന്നും അവകാശപ്പെട്ട് പ്രസിഡൻ്റ്; മറുപടിയുമായി ഇറാൻ

ഹോർമുസിൽ ടോൾ അനുവദിക്കില്ലെന്ന് ഉറപ്പിച്ച് ട്രംപ്, യുഎസ് ഉപരോധം 100 ശതമാനം വിജയമെന്നും അവകാശപ്പെട്ട് പ്രസിഡൻ്റ്; മറുപടിയുമായി ഇറാൻ

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കാനുള്ള ഇറാന്റെ നിർദ്ദേശത്തിനെതിരെ പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.

“ഈ വിഷയം ഞങ്ങൾ പരിശോധിച്ചുവരികയാണ്,” എന്ന് ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്കിൽ കപ്പൽഗതാഗതത്തിന് ടോൾ ഈടാക്കാനുള്ള ഇറാന്റെ നീക്കം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്കയ്ക്കാണെന്ന് ട്രംപ് അവകാശപ്പെട്ടു. “ഞങ്ങളുടെ നാവിക ഉപരോധത്തിലൂടെ ഹോർമുസ് കടലിടുക്കിന് മുകളിൽ പൂർണ നിയന്ത്രണം അമേരിക്കയ്ക്കുണ്ട്. ഈ ഉപരോധം 100 ശതമാനം ഫലപ്രദമാണ്. അതിലൂടെ ആർക്കും കടന്നുപോകാൻ സാധിച്ചിട്ടില്ല. അത് ഒരു ‘ഇരുമ്പ് മതിൽ’ പോലെയാണ്,” എന്നായിരുന്നു ട്രംപിന്റെ പരാമർശം.

ഹോർമുസ് ഒരു അന്താരാഷ്ട്ര ജലപാതയാണെന്നും അവിടെ സ്വതന്ത്രമായ കപ്പൽഗതാഗതം ഉറപ്പാക്കാനാണ് അമേരിക്കയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ടോൾ പിരിവ് അനുവദിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.

അതേസമയം, അമേരിക്കൻ പ്രസിഡന്റിന്റെ അവകാശവാദങ്ങൾക്ക് വിരുദ്ധമായ വിവരങ്ങളാണ് ഇറാൻ പുറത്തുവിട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ എണ്ണ ടാങ്കറുകളും കണ്ടെയ്നർ കപ്പലുകളും ഉൾപ്പെടെ 31 വാണിജ്യ കപ്പലുകൾ തങ്ങളുടെ നാവികസേനയുടെ മേൽനോട്ടത്തിലും ഏകോപനത്തിലും സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് കടന്നതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചു.

ഹോർമുസ് കടലിടുക്കിലെ നിയന്ത്രണവും ഉപരോധവും ചൊല്ലി അമേരിക്കയും ഇറാനും പരസ്പരവിരുദ്ധമായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതോടെ പശ്ചിമേഷ്യയിലെ നാവിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകുകയാണ്.

Share Email
LATEST excelnclexrn
More Articles
Top