ന്യൂയോര്‍ക്ക്: ആഗോള തലത്തില്‍ 10 ശതമാനം നികുതി ഏര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം കോടതി റദ്ദാക്കി. ന്യൂയോര്‍ക്കിലെ കോര്‍ട്ട് ഓഫ് ഇന്റര്‍നാഷണല്‍ ട്രേഡിലെ മൂന്നംഗ പാനല്‍ 2-1 എന്ന ഭൂരിപക്ഷത്തിലാണ് നികുതി ഏര്‍പ്പെടുത്തിയ തീരുമാനം റദ്ദാക്കിക്കൊണ്ട് വിധി പ്രസ്താവിച്ചത്. തീരുവ ഏര്‍പ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ് പ്രസിഡന്റിന് നല്‍കിയിട്ടുള്ള അധികാരപരിധി ട്രംപ് മറികടന്നുവെന്ന് കോടതി നിരീക്ഷിച്ചു. ട്രംപിന്റെ നടപടി ‘അസാധുവും നിയമപരമായി അധികാരപ്പെടുത്താത്തതും’ ആണെന്ന് ഭൂരിപക്ഷ വിധിയില്‍ വ്യക്തമാക്കി. പാനലിലെ മൂന്നാമത്തെ ജഡ്ജി ഈ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു.
നേരത്തെ ട്രംപ് ഏര്‍പ്പെടുത്തിയ 50 ശതമാനം വരെയുള്ള ആഗോള തീരുവ ഫെബ്രുവരിയില്‍ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് 1974-ലെ ട്രേഡ് ആക്റ്റിലെ സെക്ഷന്‍ 122 ഉപയോഗിച്ച് 10 ശതമാനം താല്‍ക്കാലിക തീരുവ ഭരണകൂടം നടപ്പിലാക്കിയത്. ജൂലൈ 24-ന് കാലാവധി അവസാനിക്കാനിരുന്ന ഈ തീരുവയാണ് ഇപ്പോള്‍ കോടതി തടഞ്ഞിരിക്കുന്നത്.
ട്രംപിന്റെ നികുതി നയത്തിനെതിരെ ചെറുകിട വ്യവസായ ഉടമകളാണ് കോടതിയെ സമീപിച്ചത്. വാഷിംഗ്ടണ്‍ സ്റ്റേറ്റ്, മസാല കമ്പനിയായ ബേര്‍ലാപ്പ് ആന്‍ഡ് ബാരല്‍, ടോയ് കമ്പനിയായ ബേസിക് ഫണ്‍! എന്നീ മൂന്ന് വാദികളില്‍ നിന്ന് തീരുവ ഈടാക്കുന്നത് കോടതി നേരിട്ട് തടഞ്ഞു. ട്രംപ് ഭരണകൂടത്തിന്റെ വ്യാപാര നയങ്ങള്‍ നേരിടുന്ന രണ്ടാമത്തെ വലിയ തിരിച്ചടിയാണിത്. കഴിഞ്ഞ വര്‍ഷം അമേരിക്കയുടെ വ്യാപാരക്കമ്മി ഒരു ദേശീയ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചുകൊണ്ട് 1977-ലെ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്‌സ് ആക്റ്റ് (IEEPA) ഉപയോഗിച്ചാണ് ട്രംപ് ആഗോള തീരുവ ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഫെബ്രുവരി 28-ന് സുപ്രീം കോടതി ഈ നടപടി റദ്ദാക്കി.
Trump’s tariff blow: Court overturns Trump’s global tariffs















