നടി തൃഷയ്‌ക്കെതിരായ അധിക്ഷേപ പരാമർശത്തിൽ കസ്റ്റഡിയിലെടുത്ത ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനെ ചോദ്യം ചെയ്യലിന് ശേഷം തഞ്ചാവൂർ പോലീസ് വിട്ടയച്ചു. കോടതി നിർദേശത്തിന് പിന്നാലെ നടപടികൾ പൂർത്തിയാക്കിയാണ് അദ്ദേഹത്തെ മോചിപ്പിച്ചത്. പുറത്തിറങ്ങിയ ഉദയനിധി തടിച്ചുകൂടിയ ഡിഎംകെ പ്രവർത്തകരെ അഭിവാദ്യം ചെയ്യുകയും തഞ്ചാവൂരിൽ നിന്ന് തിരുച്ചി വിമാനത്താവളം വഴി ചെന്നൈയിലേക്ക് പുറപ്പെടുകയും ചെയ്തു. വൻ സ്വീകരണമാണ് വഴിനീളെ അദ്ദേഹത്തിന് പ്രവർത്തകർ ഒരുക്കിയത്.
ഉദയനിധിയുടെ അറസ്റ്റ് മുഖ്യമന്ത്രി വിജയിയുടെ നേരിട്ടുള്ള നിർദേശപ്രകാരമായിരുന്നുവെന്ന് ടിവികെ വൃത്തങ്ങൾ വെളിപ്പെടുത്തി. അതിരുവിട്ട പരാമർശങ്ങൾ മേലിൽ അനുവദിക്കില്ലെന്ന കർശന നിലപാടിലാണ് വിജയ് എത്തിയത്. ഉദയനിധിയെ റിമാൻഡ് ചെയ്യില്ലെന്ന് ഉറപ്പായിരുന്നിട്ടും ഒരു കൃത്യമായ സന്ദേശം നൽകുന്നതിനായി അറസ്റ്റുമായി മുന്നോട്ട് പോകാൻ വിജയ് നിർദേശിക്കുകയായിരുന്നു എന്നാണ് വിവരം.
അതേസമയം, കേസുമായി ബന്ധപ്പെട്ട് ഉദയനിധിയെ റിമാൻഡ് ചെയ്യേണ്ടതില്ലെന്ന നിലപാടാണ് തമിഴ്‌നാട് സർക്കാർ കോടതിയിൽ സ്വീകരിച്ചത്. ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തതെന്നും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാമെന്നും അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. ഇത് രേഖപ്പെടുത്തിയ കോടതി അന്വേഷണവുമായി സഹകരിക്കണമെന്ന് നിർദേശിച്ച് അദ്ദേഹത്തെ വിട്ടയക്കാൻ ഉത്തരവിടുകയായിരുന്നു. വിജയ്‌യെയും തൃഷയെയും കുറിച്ച് മോശം പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നാണ് ഉദയനിധി വ്യക്തമാക്കിയത്.

















