വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്ക് വിഷയം സംബന്ധിച്ച് ഇറാനുമായി ധാരണയിലെത്തുന്നത് ആഗോള ഇന്ധനവിലയിൽ വരുത്തുന്ന അനുകൂല മാറ്റങ്ങളെക്കുറിച്ച് ശുഭപ്രതീക്ഷ പ്രകടിപ്പിച്ച് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്. നൂറുകണക്കിന് കപ്പലുകളാണ് നിലവിൽ മേഖലയിൽ നിന്ന് പുറത്തുകടക്കാൻ കാത്തുനിൽക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേഖലയിലെ സാഹചര്യങ്ങൾ അൽപ്പം സങ്കീർണ്ണമായി തുടരുകയാണെങ്കിലും, നിലവിൽ തന്നെ നിരവധി കപ്പലുകൾ പുറത്തേക്ക് നീങ്ങുന്നത് കാണാൻ സാധിക്കുന്നുണ്ടെന്ന് സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ ബെസന്റ് പറഞ്ഞു.
അതിനാൽ ഉയർന്ന ഇന്ധനവില ഉടൻ തന്നെ സാധാരണ നിലയിലേക്ക് താഴുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇത് ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് വലിയ ആശ്വാസമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഇറാനുമായുള്ള നയതന്ത്ര ചർച്ചകളുടെ നിലവിലെ പുരോഗതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ യുഎസ് വിദേശകാര്യ സെക്രട്ടറി വെളിപ്പെടുത്തി.
ഹോർമുസ് കടലിടുക്ക് നിലവിൽ തുറന്നിട്ടിരിക്കുകയാണെന്നും കപ്പലുകളുടെ ഗതാഗതം തുടരുന്നുണ്ടെന്നുമുള്ള അമേരിക്കയുടെ മുൻ നിലപാട് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മാർക്കോ റൂബിയോ വീണ്ടും ആവർത്തിച്ചു. എന്നാൽ, കൂടുതൽ കപ്പലുകൾക്ക് ഈ സമുദ്രപാതയിലൂടെ സുരക്ഷിതമായി കടന്നുപോകാൻ സാധിക്കുന്ന തരത്തിലുള്ള പുതിയൊരു കരാറിനായി വാഷിംഗ്ടൺ ശ്രമിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.

















